Saturday, February 8, 2025

ഡി ആർ സി യിൽ വിമതർ വെടിനിർത്തൽ പ്രഖ്യാപിച്ചു

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വിമതഗ്രൂപ്പുകളുടെ സഖ്യം ചൊവ്വാഴ്ച മുതൽ മാനുഷിക വെടിനിർത്തൽ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ കിഴക്കൻഭാഗങ്ങളിലെ പ്രദേശം പിടിച്ചെടുത്തതിനുശേഷം റുവാണ്ട പിന്തുണയുള്ള എം 23 വിമതർ ഉൾപ്പെടുന്ന സംഘം ഒരു പ്രസ്താവനയിൽ വെടിനിർത്തലിന് ‘മാനുഷിക കാരണങ്ങൾ’ ഉദ്ധരിച്ചു.

കോംഗോയിലെ ഏറ്റവും വലിയ കിഴക്കൻ നഗരമായ ഗോമ, വിമതർ പിടിച്ചെടുത്തതിനെത്തുടർന്ന് അവിടെ നടന്ന പോരാട്ടത്തിൽ കുറഞ്ഞത് 900 പേർ കൊല്ലപ്പെടുകയും 2880 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഡി ആർ കോംഗോയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇതെന്ന് ജി 7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഈ ആക്രമണത്തെ അപലപിച്ചു.

കോംഗോ റിവർ അലയൻസ് എന്നറിയപ്പെടുന്ന വിമതഗ്രൂപ്പുകളുടെ സഖ്യം, കോംഗോ സൈന്യം തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങളിൽ വിമാനങ്ങൾ ഉപയോഗിച്ച് ബോംബിട്ട് ആളുകളെ കൊല്ലുന്നുവെന്ന് ആരോപിച്ചു. “സിവിലിയൻ ജനതയെയും ഞങ്ങളുടെ നിലപാടുകളെയും സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു” – സഖ്യം ഒരു പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ പ്രാദേശിക പോരാട്ടങ്ങൾ കാരണം ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തിട്ടുണ്ട്. 2025 ന്റെ തുടക്കം മുതൽ നാലു ലക്ഷത്തിലധികം ആളുകൾ വീടുകളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഏജൻസി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News