സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാര്‍ വിരുദ്ധ കലാപവും പിടിമുറുക്കിയ ശ്രീലങ്കയില്‍ രണ്ടാഴ്ചയായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. കഴിഞ്ഞ ആറിനാണ് ഒരുമാസത്തിനിടയിലെ രണ്ടാംതവണയും പ്രസിഡന്റ് ഗോത്താബയ രാജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആളുകളെ ഏകപക്ഷീയമായി അറസ്റ്റ്‌ചെയ്തു ചോദ്യംചെയ്യാന്‍ പോലീസിനും സുരക്ഷാസേനകള്‍ക്കും നല്‍കിയിരുന്ന അധികാരമുള്‍പ്പെടെ എടുത്തുകളയുന്നതു ക്രമസമാധാനനില മെച്ചപ്പെട്ടതിനാലാണെന്നു സര്‍ക്കാര്‍ അവകാശപ്പെട്ടു.അതേസമയം, ഇന്ധനത്തിനു കടുത്ത ക്ഷാമം തുടരുന്നതിനിടെ പെട്രോള്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിത്തുടങ്ങി.
തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന പാതകളെല്ലാം വാഹനങ്ങളുമായി ജനം ഉപരോധിച്ചിരിക്കുകയാണ്. ഒരുദിവസത്തേക്കുള്ള പെട്രോള്‍ മാത്രമാണു സ്റ്റോക്കുള്ളതെന്നു വിതരണക്കന്പനികള്‍ അറിയിച്ചതോടെയാണു പ്രതിഷേധം ശക്തമായത്. ശ്രീലങ്ക നേരിടുന്ന അതിരൂക്ഷമായ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിയന്തര സാന്പത്തികസഹായം നല്‍കുമെന്നു ലോകബാങ്കും എഡിബിയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ബാങ്കും ചേര്‍ന്നു രൂപീകരിച്ച കര്‍മസമിതി അറിയിച്ചു. മരുന്നും ഭക്ഷണവും വാങ്ങുന്നതിനുള്ളസഹായമാണു നല്‍കുക. ഐഎംഎഫുമായി വായ്പാ ചര്‍ച്ചകള്‍ തുടരുകയുമാണ്.
സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെ പത്തുപേര്‍ കൊല്ലപ്പെട്ട കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം മുതിര്‍ന്ന പോലീസ് ഓഫീസറെ ചോദ്യംചെയ്തു. കഴിഞ്ഞ ഒമ്പതിനുണ്ടായ കലാപത്തില്‍ ഇരുനൂറിലേറെപ്പേര്‍ക്കു പരിക്കേറ്റിരുന്നു. പ്രക്ഷോഭകരും മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലാണു കലാപമായി വളര്‍ന്നത്. നേരത്തേ മൂന്ന് മുന്‍ മന്ത്രിമാരുള്‍പ്പെടെ ഭരണകക്ഷി എംഎല്‍എമാരെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.