യു എസ് അതിന്റെ വിദേശസഹായങ്ങൾ മരവിപ്പിക്കുകയും നിർത്തലാക്കുകയും ചെയ്തുവരുന്ന വാർത്തകൾ ഞെട്ടലോടെയാണ് ലോകം വീക്ഷിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യു എസ് എ ഐ ഡി) എന്നറിയപ്പെടുന്ന ഈ വിദേശസഹായ ഏജൻസി, അതിന്റെ ജീവനക്കാരെ സംശയാസ്പദമായി പുറത്താക്കുകയും ട്രംപ് ഭരണകൂടം അതിനെ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുമായി ലയിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്യുന്ന നീക്കം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യു എസ് എ ഐ ഡി) സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഒരു ശാഖയായി തുടർന്നും പ്രവർത്തിക്കുമെങ്കിലും പദ്ധതിയിൽ അതിന്റെ ഫണ്ടിംഗിലും തൊഴിൽശക്തിയിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് നിലവിൽ പുറത്തുവരുന്ന വാർത്തകൾ. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉപദേശകരിൽ ഒരാളായ എലോൺ മസ്കും ഏജൻസിയെ ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ ഇത് അടച്ചുപൂട്ടാനുള്ള നീക്കം ലോകമെമ്പാടുമുള്ള മാനുഷികസഹായ പരിപാടികളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നതിനോടൊപ്പം ലോകരാഷ്ട്രങ്ങളെ പ്രതിസന്ധിയിലാഴ്ത്തുമെന്നും നിസ്സംശയം പറയാം.
യു എസ് എ ഐ ഡി എന്നാൽ എന്താണ്? അത് എന്താണ് ചെയ്യുന്നത്?
ലോകമെമ്പാടുമുള്ള യു എസ് ഗവൺമെന്റിനുവേണ്ടി മാനുഷികസഹായ പരിപാടികൾ നടത്തുന്നതിനായി 1960 കളുടെ തുടക്കത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) സ്ഥാപിതമായി. ഇതിൽ ഏകദേശം പതിനായിരം ജീവനക്കാരുണ്ട്. അവരിൽ മൂന്നിൽരണ്ടു ഭാഗവും വിദേശത്താണ് ജോലിചെയ്യുന്നത്. അറുപതിലധികം രാജ്യങ്ങളിൽ ഇതിന് ഏജൻസികളുണ്ട്. കൂടാതെ മറ്റ് രാജ്യങ്ങളിലും ഡസൻകണക്കിന് ഇത് പ്രവർത്തിക്കുന്നു. എന്നിരുന്നാലും, യു എസ് എ ഐ ഡി കരാറിൽ ഏർപ്പെട്ടിരിക്കുന്നതും ധനസഹായം നൽകുന്നതുമായ മറ്റ് സംഘടനകളാണ് അടിസ്ഥാനപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നടത്തുന്നത്.
ഇത് ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. ഉദാഹരണത്തിന്, ആളുകൾ പട്ടിണികിടക്കുന്ന രാജ്യങ്ങളിൽ യു എസ് എ ഐ ഡി ഭക്ഷണം നൽകുക മാത്രമല്ല, ലോകത്തിൽ എവിടെയെങ്കിലും ക്ഷാമവും പട്ടിണിയും കണ്ടെത്താനും അതിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുകയും ചെയ്യുന്നു. ഈ വിവരങ്ങൾ അപഗ്രഥിച്ചാണ് ലോകത്തിൽ ഭക്ഷ്യക്ഷാമം എവിടെ ഉയർന്നുവരുന്നുവെന്ന് പ്രവചിക്കാൻ സാധിക്കുന്നത്.
പോളിയോ ഇപ്പോഴും പ്രചരിക്കുന്ന രാജ്യങ്ങളിൽ പോളിയോ വാക്സിനേഷൻ നൽകുക, ഒരു പകർച്ചവ്യാധിക്ക് കാരണമാകുന്ന വൈറസുകളുടെ വ്യാപനം തടയാൻ സഹായിക്കുക തുടങ്ങിയ ആരോഗ്യ പരിപാടികൾക്കാണ് യു എസ് എ ഐ ഡി യുടെ ബജറ്റിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്.
യു എസ് എ ഐ ഡി പ്രതിവർഷം ചിലവഴിക്കുന്ന തുക എത്രയാണ്?
സർക്കാർ കണക്കുകൾപ്രകാരം, 2023 ൽ അന്താരാഷ്ട്ര സഹായത്തിനായി യു എസ് 68 ബില്യൺ ഡോളർ (£55 ബില്യൺ) ചെലവഴിച്ചു. ആ തുക നിരവധി വകുപ്പുകളിലും ഏജൻസികളിലുമായി വ്യാപിച്ചുകിടക്കുന്നു. എന്നാൽ യു എസ് എ ഐ ഡി യുടെ ബജറ്റ് അതിന്റെ പകുതിയിലധികവും ഏകദേശം 40 ബില്യൺ ഡോളറാണ്.
ആ പണത്തിന്റെ ഭൂരിഭാഗവും ഏഷ്യ, സബ്-സഹാറൻ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് ചെലവഴിക്കുന്നത് – പ്രധാനമായും യുക്രൈനിലെ മാനുഷിക പ്രവർത്തനങ്ങൾക്കാണ്. അന്താരാഷ്ട്ര വികസനത്തിനായി ഏറ്റവുമധികം തുക ചെലവഴിക്കുന്ന രാജ്യം അമേരിക്കയാണ്. ലോകത്തിലെ നാലാമത്തെ വലിയ സഹായ വിനിയോഗ രാജ്യമായ യു കെ പോലും യു എസ് നൽകിയതിന്റെ ഏകദേശം നാലിലൊന്നു തുക മാത്രമേ ചിലവഴിച്ചിട്ടുള്ളൂ.
എന്തുകൊണ്ടാണ് ഡൊണാൾഡ് ട്രംപും എലോൺ മസ്കും യു എസ് എ ഐ ഡി പുനഃക്രമീകരിക്കാൻ ആഗ്രഹിക്കുന്നത്?
വിദേശ ചെലവുകളുടെ ദീർഘകാല വിമർശകനാണ് ട്രംപ്. യു എസ് എ ഐ ഡി യെ അദ്ദേഹം പ്രത്യേകം വിമർശിക്കുകയും എടുത്തുകാട്ടുകയും അവിടത്തെ മുതിർന്ന ഉദ്യോഗസ്ഥരെയടക്കം വിമർശിക്കുകയും ചെയ്തു.
നിലവിൽ ഏജൻസി നിർത്തലാക്കുന്നത് ജനപിന്തുണ നേടാൻ സാധ്യതയുണ്ട്. വിദേശസഹായ ചെലവ് കുറയ്ക്കുന്നതിനെ അമേരിക്കൻ വോട്ടർമാർ അനുകൂലിക്കുന്നുവെന്ന് അഭിപ്രായ വോട്ടെടുപ്പുകൾ വളരെക്കാലമായി സൂചിപ്പിക്കുന്നു. ഷിക്കാഗോ കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്‌സ് പ്രകാരം, 1970 കളിലെ പോളിംഗ് ഡാറ്റ വെട്ടിക്കുറയ്ക്കലുകൾക്ക് വിശാലമായ പിന്തുണ സൂചിപ്പിക്കുന്നു.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷമുള്ള ആദ്യ നടപടികളിലൊന്ന്, ഒരു അവലോകനം നടത്താൻ കഴിയുന്നതുവരെ, മിക്കവാറും എല്ലാ അന്താരാഷ്ട്ര ചെലവുകളും 90 ദിവസത്തേക്ക് നിർത്തിവയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു എന്നതാണ്. ലോകത്തിലെ ഏറ്റവും ദരിദ്രർക്ക് മരുന്നുകൾ നൽകുന്നതും ശുദ്ധജല വിതരണസംവിധാനങ്ങൾ സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പരിപാടികൾ ഒറ്റരാത്രി കൊണ്ട് നിർത്തലാക്കി.
ഡൊണാൾഡ് ട്രംപിന് യു എസ് എ ഐ ഡി അടച്ചുപൂട്ടാൻ കഴിയുമോ?
യു എസ് എ ഐ ഡി യിൽ വൈറ്റ് ഹൗസിന് കാര്യമായ സ്വാധീനമുണ്ടെന്ന് വ്യക്തമാണെങ്കിലും, ആ അധികാരം സൈദ്ധാന്തികമായി പരിമിതമാണ്. 1961 ൽ കോൺഗ്രസ് വിദേശസഹായ നിയമം പാസ്സാക്കിയതിനുശേഷമാണ് യു എസ് എ ഐ ഡി നിലവിൽവന്നത്. ആ നിയമം ഒരു സർക്കാർ ഏജൻസി രൂപീകരിക്കാനും വിദേശചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ഏറ്റെടുക്കാനും നിർബന്ധിച്ചു. താമസിയാതെ, അന്നത്തെ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഒരു എക്സിക്യൂട്ടീവ് ഉത്തരവ് ഉപയോഗിച്ച് യു എസ് എ ഐ ഡി സ്ഥാപിച്ചു. 1998 ൽ മറ്റൊരു നിയമം പാസ്സാക്കി. അത് യു എസ് എ ഐ ഡി ക്ക് സ്വന്തമായി ഒരു എക്സിക്യൂട്ടീവ് ഏജൻസി എന്ന പദവി സ്ഥിരീകരിച്ചു.
ചുരുക്കത്തിൽ, ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപിന് യു എസ് എ ഐ ഡി നിർത്തലാക്കാൻ കഴിയില്ല എന്നാണ് ഇതിനർഥം. അങ്ങനെ ചെയ്യാനുള്ള ഏതൊരു ശ്രമവും കോടതികളിലും കോൺഗ്രസിലും ശക്തമായ വെല്ലുവിളികൾ നേരിടേണ്ടിവരും. യു എസ് എ ഐ ഡി പൂർണ്ണമായും അടച്ചുപൂട്ടുന്നതിന് കോൺഗ്രസിന്റെ നടപടി ആവശ്യമായിവന്നേക്കാം. എന്നാൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇരുസഭകളിലും നേരിയ ഭൂരിപക്ഷമുള്ളതിനാൽ ഇതിനു സാധിച്ചേക്കാം.
ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓപ്ഷനുകളിലൊന്ന്, യു എസ് എ ഐ ഡി യെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഒരു ശാഖയാക്കുക എന്നതാണ്. അത്തരത്തിലുള്ള ക്രമീകരണം പൂർണ്ണമായും അസാധാരണമാകില്ല. 2020 ൽ, അന്നത്തെ യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, അന്താരാഷ്ട്ര വികസന വകുപ്പിനെ വിദേശകാര്യ ഓഫീസുമായി ലയിപ്പിക്കുകയുണ്ടായി. അന്താരാഷ്ട്ര ചെലവുകൾ സർക്കാരിന്റെ വിശാലമായ വിദേശനയലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് മന്ത്രിമാർ അന്ന് പറഞ്ഞിരുന്നു. എന്നാൽ സഹായമേഖലയിലെ വൈദഗ്ദ്ധ്യം കുറയ്ക്കുമെന്നും യു കെയുടെ വിദേശനിലയ്ക്കും സ്വാധീനത്തിനും ഇത് ദോഷം ചെയ്യുമെന്നും വിമർശകർ മുന്നറിയിപ്പ് നൽകി.
യു എസ് എ ഐ ഡി അടച്ചുപൂട്ടുന്നതിന്റെ പ്രത്യാഘാതം എന്തായിരിക്കും?
യു എസിൽ നിന്ന് ലഭിക്കുന്ന ധനസഹായത്തിന്റെ അനുപാതം കണക്കിലെടുക്കുമ്പോൾ, ആ പണം ചെലവഴിക്കുന്ന രീതിയിലുള്ള ഏതൊരു മാറ്റവും ലോകമെമ്പാടും അനുഭവപ്പെടുമെന്നതിൽ സംശയമില്ല. യുക്രൈനിൽ പരിക്കേറ്റ സൈനികർക്ക് കൃത്രിമ അവയവങ്ങൾ നൽകുന്നതുമുതൽ, കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനും ആഫ്രിക്കയിൽ എബോളയുടെ വ്യാപനം തടയുന്നതിനുംവരെ യു എസ് എ ഐ ഡി യുടെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ യഥാർഥത്തിൽ ആഗോളതലത്തിലാണ്.
90 ദിവസത്തെ വിദേശ ചെലവുകൾ മരവിപ്പിക്കൽ പ്രഖ്യാപിച്ചതിനുശേഷം, ‘ഓരോ ഡോളറും’ യു എസിനെ സുരക്ഷിതവും ശക്തവും കൂടുതൽ സമ്പന്നവുമാക്കുന്നുവെന്ന് തെളിയിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ സിറിയയിലെ ജയിൽ ഗാർഡുകൾ, യു എസ് ധനസഹായം താൽക്കാലികമായി നിർത്തിവച്ചപ്പോൾ ജോലിയിൽനിന്ന് പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഡെമോക്രാറ്റിക് പാർട്ടി രാഷ്ട്രീയക്കാർ ഈ നീക്കങ്ങളെ നിയമവിരുദ്ധമെന്നു വിളിക്കുകയും ദേശീയസുരക്ഷയെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
‘അമേരിക്ക ആദ്യം’ എന്ന ചിന്തയാണ് ഇതിനു പിന്നിലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ അധികാരത്തിൽവന്ന മസ്‌ക് സർക്കാരിന്റെ ബജറ്റിൽനിന്ന് കോടിക്കണക്കിന് രൂപ കുറയ്ക്കാൻ ശ്രമിക്കുന്നതിനാൽ, വരും വർഷങ്ങളിൽ യു എസ് വിദേശത്ത് എത്രമാത്രം ചെലവഴിക്കുമെന്നതിനെക്കുറിച്ചും ചോദ്യങ്ങളുണ്ട്.