ഓവർഹെഡ് ക്യാബിൻ ബിന്നുകളിൽ സൂക്ഷിച്ചിരിക്കുന്ന ലഗേജുകളിൽ പവർബാങ്കുകൾ നിരോധിക്കാനൊരുങ്ങി ദക്ഷിണ കൊറിയൻ വിമാനക്കമ്പനിയായ എയർ ബുസാൻ. റൺവേയിൽ അവരുടെ വിമാനങ്ങളിലൊന്ന് നശിപ്പിച്ച തീപിടിത്തത്തെ തുടർന്നാണ് ഈ തീരുമാനം. ജനുവരി 28 നുണ്ടായ തീപിടിത്തം ഒരു ഓവർഹെഡ് ലഗേജ് ബിന്നിൽ നിന്നാണ് ഉണ്ടായെതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
മുൻകരുതൽ നടപടിയെന്ന നിലയിൽ ഓവർഹെഡ് ലഗേജ് ബിന്നുകളിൽ പവർബാങ്കുകൾ സൂക്ഷിക്കാൻ എയർ ബുസാൻ ഇനി യാത്രക്കാരെ അനുവദിക്കില്ല. പകരം, യാത്രക്കാർ പവർബാങ്കുകൾ തങ്ങളുടെ പക്കൽ സൂക്ഷിക്കേണ്ടതുണ്ട്. ഇത് അമിതമായി ചൂടാകുകയോ, തീപിടിക്കുകയോ ചെയ്യുമ്പോൾ പെട്ടെന്ന് കണ്ടെത്താനും പ്രതികരിക്കാനും അനുവദിക്കുന്നു.
എയർലൈൻ അതിന്റെ ജീവനക്കാർക്ക് കൂടുതൽ അഗ്നിശമന പരിശീലനം നൽകുകയും അഗ്നിനിയന്ത്രണ ഉപകരണങ്ങൾ ഉപയോഗിച്ച് വിമാനങ്ങളെ സജ്ജമാക്കുകയും ചെയ്യും. പുതിയ നടപടികൾ എല്ലാ വിമാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുമുമ്പ് തിരഞ്ഞെടുത്ത റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.
സമീപമാസങ്ങളിൽ രണ്ട് പ്രധാന വ്യോമയാന സംഭവങ്ങൾ അനുഭവിച്ച ദക്ഷിണ കൊറിയയിൽ ഈ സംഭവം വ്യോമയാന സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. വിമാന യാത്രാസുരക്ഷ മെച്ചപ്പെടുത്തുന്നതിനായി പുതിയ കമ്മിറ്റി രൂപീകരിക്കുന്നതുൾപ്പെടെ ആദ്യം മുതൽ വ്യോമയാന സുരക്ഷാസംവിധാനം പുനർനിർമ്മിക്കാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു.
ഓവർഹെഡ് ലഗേജ് ബിന്നുകളിൽ പവർബാങ്കുകൾ നിരോധിക്കുന്നത് വിമാനത്തിൽ തീപിടിത്ത സാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടിയാണ്. പവർബാങ്കുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികൾ കേടാകുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അമിതമായി ചൂടാകാനും തീപിടിക്കാനും സാധ്യതയുണ്ട്.