സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന ശ്രീലങ്കന്‍ ജനതയ്ക്ക് ഭാരതത്തിന്റെ കരുതല്‍. അരിയും മരുന്നുമടക്കമുള്ള ആവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പല്‍ കൊളംബോയിലെത്തി. 9,000 ടണ്‍ അരി, 50 ടണ്‍ പാല്‍പൊടി, 25 ടണ്‍മരുന്നുകള്‍ എന്നിവയാണ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗോപാല്‍ ബഗ്ലെ ലങ്കന്‍ വിദേശകാര്യമന്ത്രി ജിഎല്‍ പൈരിസിനു കൈമാറിയത്.
ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ള 1.6 കോടി യുഎസ് ഡോളര്‍ അടിയന്തര സഹായത്തിലെ ആദ്യഗഡുവാണിത്. ചെന്നൈയില്‍നിന്നു പുറപ്പെട്ട കപ്പല്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
ഇന്ത്യയില്‍ നിന്ന് പാല്‍പ്പൊടി, അരി, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ 2 ബില്യണ്‍ മൂല്യമുള്ള മാനുഷിക സഹായമാണ് ശ്രീലങ്കയ്ക്ക് ഇന്ന് ലഭിച്ചത്. നല്‍കിയ പിന്തുണയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രിയ്ക്കും ഇന്ത്യന്‍ ജനതയ്ക്കും ഞങ്ങളുടെ ആത്മാര്‍ത്ഥമായ നന്ദിയുണ്ട്. നല്‍കിയ സഹായത്തെ ഞാന്‍ അഭിനന്ദിക്കുന്നുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു. അതേസമയം പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന 21ാം ഭരണഘടനാ ഭേദഗതി ഇന്നു മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും.