മതിയായ രേഖകളില്ലാതെ അനധികൃതമായി യു എസിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരെ നാടുകടത്തപ്പെടുമ്പോൾ അവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ യുഎസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ പറഞ്ഞു.
നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ചുവെന്ന് ആരോപിക്കപ്പെട്ട 104 ഇന്ത്യക്കാരെ യുഎസ് സൈനിക വിമാനം തിരിച്ചുകൊണ്ടുവന്നതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നത്.
40 മണിക്കൂർ നീണ്ട വിമാനയാത്രയിലുടനീളം കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നുവെന്ന് നാടുകടത്തപ്പെട്ടവരിൽ ഒരാൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
എന്നാൽ സ്ത്രീകളെയും കുട്ടികളെയും ഈ രീതിയിൽ നിയന്ത്രിക്കുന്നില്ലെന്ന് യുഎസ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയിലേക്കുള്ള നാടുകടത്തൽ വിമാനങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ടെന്നും നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നതിന് യുഎസ് നടപടിക്രമങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിൽ നാടുകടത്തൽ സംഘടിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ആണ്.
“സ്ത്രീകളെയും കുട്ടികളെയും നിയന്ത്രിക്കുന്നില്ലെന്ന് ഐസിഇ ഞങ്ങളെ അറിയിച്ചിട്ടുണ്ട്,” ജയശങ്കർ പറഞ്ഞു.
ഐസിഇ പ്രകാരം, നാടുകടത്തപ്പെട്ടവരുടെ യാത്രാ സമയത്ത് ഭക്ഷണവും വൈദ്യസഹായവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ നടപടിക്രമങ്ങളിൽ നിന്ന് ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബുധനാഴ്ച പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങിയ വിമാനത്തിലെ നാടുകടത്തപ്പെട്ടവരിൽ ഒരാളായ ജസ്പാൽ സിംഗ്, വിമാനത്തിലുടനീളം താൻ ചങ്ങലയ്ക്കിടപ്പെട്ടിരുന്നുവെന്ന് പറഞ്ഞു.
“ഞങ്ങളെ പല തരത്തിൽ പീഡിപ്പിച്ചു. വിമാനത്തിൽ കയറ്റിയ ശേഷം എന്റെ കൈകളും കാലുകളും കെട്ടിയിട്ടു. വിമാനം പലയിടത്തും നിർത്തി,” അദ്ദേഹം പറഞ്ഞു. വിമാനം അമൃത്സറിൽ ലാൻഡ് ചെയ്തതിനു ശേഷമാണ് തന്റെ വിലങ്ങുകൾ അഴിച്ചുമാറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്തിൽ നാടുകടത്തപ്പെട്ടവരോട് എങ്ങനെയാണ് പെരുമാറിയതെന്ന് യുഎസ് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നത് “യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും നിർണായകമാണ്” എന്നും “അനുവദനീയമല്ലാത്തതും നീക്കം ചെയ്യാവുന്നതുമായ എല്ലാ വിദേശികൾക്കുമെതിരെ ഇമിഗ്രേഷൻ നിയമങ്ങൾ വിശ്വസ്തതയോടെ നടപ്പിലാക്കുക” എന്നത് യുഎസ് നയമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രേഖകളില്ലാത്ത വിദേശ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു പ്രധാന നയമാക്കി മാറ്റിയതാണ് ഇപ്പോഴത്തെ നടപടികൾക്കു പിന്നിൽ . നിയമവിരുദ്ധമായി പ്രവേശിച്ചതായി കരുതപ്പെടുന്ന ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരെ യുഎസ് തിരിച്ചറിഞ്ഞതായി പറയപ്പെടുന്നു.
നിയമവിരുദ്ധമായി മറ്റ് രാജ്യങ്ങളിൽ പ്രവേശിച്ച തങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ ജയ്ശങ്കർ പറഞ്ഞു.