നൈജീരിയയില്‍ 20 ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക (ഐഎസ്ഡബ്ല്യുഎപി) ഭീകരര്‍ കൊലപ്പെടുത്തി. മേയ് 10നാണു നിഷ്ഠുര കൃത്യം അരങ്ങേറിയത്. ഇതിന്റെ വീഡിയോ ഐഎസിന്റെ അമാഖ് വാര്‍ത്താ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നു. ലോകത്തെ ക്രൈസ്തവര്‍ക്കെതിരേ നിരന്തരയുദ്ധം നടത്തുമെന്നുള്ള ഐഎസിന്റെ ഭീഷണിയും വീഡിയോയില്‍ കാണാം. ബിബിസിയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ക്രൈസ്തവരെ കൊലപ്പെടുത്തിയ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്താണു ക്രൈസ്തവര്‍ ഐഎസ് ഭീകരരുടെ കൂട്ടക്കുരുതിക്കിരയായത്. മൂന്നു ഗ്രൂപ്പുകളായിട്ടാണു ക്രൈസ്തവരെ വീഡിയോയില്‍ കാണുന്നത്. ആദ്യ ഗ്രൂപ്പില്‍ നാലു പേരാണുണ്ടായിരുന്നത്. ലോകാവസാനം വരെയും ക്രൈസ്തവര്‍ക്കെതിരേ യുദ്ധം ചെയ്യുമെന്നു സമീപത്തുണ്ടായിരുന്ന ഭീകരന്‍ ഭീഷണി മുഴക്കുന്നതു വീഡിയോയില്‍ കാണാം. ഫെബ്രുവരിയില്‍ ഐഎസ് നേതാവ് സിറിയയില്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്നും ഭീകരന്‍ പറഞ്ഞു. തുടര്‍ന്ന്, നിലത്തിരിക്കുകയായിരുന്ന നാലു ക്രൈസ്തവരെ മുഖംമൂടിധാരികളായ ഭീകരര്‍ വെടിവച്ചു കൊന്നു.