ചങ്ങനാശ്ശേരി: സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ മാധ്യമരംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് ഏകദിന നാഷണൽ കോൺഫറൻസ് സംഘടിപ്പിച്ചു. സുനിൽ പ്രഭാകർ, ഡെൻസിൽ ആന്റണി എന്നിവർ മുഖ്യപ്രഭാഷകരായിരുന്ന കോൺഫറൻസിൽ ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽനിന്നായി പത്ത് റിസേർച്ച് പേപ്പറുളാണ് അവതരിപ്പിക്കപ്പെട്ടത്. ഡോ. വി. ഇളംപരിധി, ഡോ. എം. എസ്. ഹരികുമാർ എന്നിവർ രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തപ്പെട്ട വിവിധ സെഷനുകൾ നിയന്ത്രിച്ചു.
ഡോ. ജോൺ ശങ്കരമംഗലത്തിന്റെ ഓർമ്മയ്ക്കായി 2019 മുതൽ ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറാണിത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നുമായി നിരവധി ആളുകളാണ് ഇത്തവണ പ്രബന്ധങ്ങൾ അവതരിപ്പിക്കാനും കോൺഫറൻസിൽ പങ്കെടുക്കാനുമായി എത്തിച്ചേർന്നത്.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് പാറയ്ക്കൽ അധ്യക്ഷത വഹിച്ച ഉദ്ഘാടനസമ്മേളനത്തിൽ ഡോ. ജിന്റോ മുരിയങ്കരി സ്വാഗതം ആശംസിച്ചു. ഡോ. ലിങ്കൺ കടൂപ്പാറയിൽ, ഡോ. യു. റ്റി. മുത്തു, ആൽവിൻ ജോൺസൻ എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകി.