പെണ്ചിറകുകളിലേറി സൗദിയിലൊരു വിമാനം പറന്നുയര്‍ന്നത് ചരിത്രത്തിലേയ്ക്കാണ്. ഫ്ലൈ അദീല്‍ എന്ന വിമാന കമ്പനിയുടെ വിമാനം ഞായറാഴ്ച റിയാദില്‍ നിന്ന് പറന്നുയരുമ്പോള്‍ പൈലറ്റും സഹപൈലറ്റും മറ്റ് ജീവനക്കാരുമെല്ലാം വനിതകള്‍ മാത്രമായിരുന്നു.
ഏഴു പേരടങ്ങുന്ന വിമാന ജീവനക്കാരില്‍ പുരുഷന്മാര് ആരുമില്ലായിരുന്നു. 117 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആണ്‍കരുത്തിന്റെ കരുതലോ കാവലോ വേണ്ടാതെ നിര്‍ഭയം പെണ്‍കൂട്ടം വിമാനം പറത്തി ലക്ഷ്യസ്ഥാനമായ ജിദ്ദ വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ അത് പുതിയൊരു ചരിത്രത്തിലേയ്ക്കുള്ള ലാന്ഡിംഗായി.
പുരുഷന്മാര് ആധിപത്യം പുലര്‍ത്തിയിരുന്ന വ്യോമയാന മേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് സധൈര്യം കടന്നുവരാന്‍ കഴിയുമെന്ന് സൗദി വനിതകള്‍ തെളിയിക്കുന്നതുകൂടിയാണ് ഈ സംഭവം.