ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാവുകയും കൂടുതൽ രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, ചില അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചൈന ഏർപ്പെടുത്തിയ പ്രത്യേക ഇറക്കുമതി നികുതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽവരും. ട്രംപിന്റെ താരിഫ് തീരുമാനത്തിനു പിന്നാലെ ചൈന നൽകിയ ‘ഉരുളയ്ക്കുപ്പേരി’ പോലെയുള്ള പ്രതികാര നടപടിയാണ് പുതുക്കിയ നിരക്കുകൾ.
യു എസ് കൽക്കരി, ദ്രവീകൃത പ്രകൃതിവാതക ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതിക്ക് 15% അതിർത്തി നികുതിയും അമേരിക്കൻ ക്രൂഡ് ഓയിൽ, കാർഷികയന്ത്രങ്ങൾ, വലിയ എഞ്ചിൻ കാറുകൾ എന്നിവയ്ക്ക് 10% തീരുവയും യു എസ് ഉൽപന്നങ്ങൾക്ക് ചൈന ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച, ചൈനീസ് അധികാരികൾ ഗൂഗിളിനെതിരെ അന്വേഷണം ആരംഭിക്കുകയും ഡിസൈനർ ബ്രാൻഡുകളായ കാൽവിൻ ക്ലീൻ, ടോമി ഹിൽഫിഗർ എന്നിവയുടെ യു എസ് ഉടമയായ പി വി എച്ചിനെ ‘വിശ്വസനീയമല്ലാത്ത സ്ഥാപനം’ എന്ന് വിളിക്കപ്പെടുന്ന പട്ടികയിൽ ചേർക്കുകയും ചെയ്തുകൊണ്ട് ശക്തമായി മറുപടി നൽകിക്കൊണ്ടിരിക്കുകയാണ്.
25 അപൂർവ ലോഹങ്ങൾക്ക് ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് പല ഇലക്ട്രിക്കൽ ഉൽപന്നങ്ങൾക്കും സൈനിക ഉപകരണങ്ങൾക്കും പ്രധാന ഘടകങ്ങളാണ്.
കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നുള്ള എല്ലാ ഉൽപന്നങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ആ രാജ്യങ്ങളുമായി 25% തീരുവ ഒഴിവാക്കാൻ അദ്ദേഹം കരാറുകളിൽ എത്തിയതിന് ദിവസങ്ങൾക്കുശേഷമാണ് അമേരിക്കയുടെ സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% നികുതി ഏർപ്പെടുത്താനുള്ള പദ്ധതികൾ വാരാന്ത്യത്തിൽ ട്രംപ് പ്രഖ്യാപിച്ചത്.