Friday, January 24, 2025

മരിയുപോളിന് പിന്നാലെ ഡോണ്‍ബാസ് മേഖല ലക്ഷ്യമിട്ട് റഷ്യ; പ്രതിരോധിക്കുമെന്ന് യുക്രൈന്‍

യുക്രൈനിലെ ഡോണ്‍ബാസ് മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനായുള്ള പോരാട്ടം ഞായറാഴ്ചയോടെ റഷ്യ ശക്തമാക്കി. യുദ്ധം മൂന്ന് മാസം പിന്നിടുമ്പോഴാണ് റഷ്യന്‍ വിതരുടെ ശക്തികേന്ദ്രമായ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ ശക്തമായ അക്രമണം തുടരുന്നത്. ഇതോടെ ഈ പ്രദേശത്ത് കുടിങ്ങിപ്പോയ യുക്രൈന്‍ സൈനികര്‍ക്ക് പുറത്ത് കടക്കാന്‍ പറ്റാതായി.

യുക്രൈനിലേക്കുള്ള പാശ്ചത്യ രാജ്യങ്ങളുടെ ആയുധ വിതരണ ശൃംഖല തകര്‍ത്തതായും റഷ്യ അവകാശപ്പെട്ടു. കിഴക്കന്‍ യുക്രൈന്റെ പരമാധികാരം നേടണമെങ്കില്‍ റഷ്യയ്ക്ക് ഡൊനെറ്റ്‌സ്‌ക് മേഖലയിലെ സീവിയേറോഡൊനെറ്റ്‌സ്‌ക്, സ്ലോവിയന്‍സ്‌ക് എന്നീ നഗരങ്ങള്‍ പിടിച്ചെടുക്കേണ്ടത് നിര്‍ണായകമാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരി 24 ന് യുക്രൈന്‍ അധിനിവേശത്തിന് മുമ്പ് റഷ്യ അക്രമണത്തിനായി നിരത്തിയ കാരണങ്ങളിലൊന്ന് ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ വിമതരുടെ വംശഹത്യയാണ് യുക്രൈന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും റഷ്യന്‍ വംശജര്‍ ലോകത്തെവിടെയെങ്കിലും അക്രമിക്കപ്പെടുകയാണെങ്കില്‍ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം റഷ്യയ്ക്കുണ്ടെന്നുമായിരുന്നു.

മരിയുപോളിലേക്ക് റഷ്യയില്‍ നിന്ന് എത്തിചേരാന്‍ ഡോണ്‍ബാസ് മേഖലയിലൂടെ വേണം പോകാന്‍. നിലവില്‍ റഷ്യന്‍ വിമതരുടെ ശക്തി കേന്ദ്രമായ ഇവിടെ യുക്രൈന്‍ സൈന്യത്തിന്റെ പോരാട്ടം ശക്തമാണ്. 2014 മുതല്‍ യുക്രൈന്‍ സൈന്യവും റഷ്യന്‍ വിമതരും പോരാട്ടം തുടരുന്ന പ്രദേശമാണ് ഇവിടം. ഇതിനകം ഈ പ്രദേശം രണ്ടാം ലോകമഹായുദ്ധ കാലത്തെ യുദ്ധമുഖം പോലെയാണെന്ന് യുദ്ധകാര്യ ലേഖകരും എഴുതുന്നു.

 

Latest News