വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പഴമാണ് തണ്ണിമത്തൻ. കൊടുംചൂടിനെ ചെറുക്കാൻ അത്യാവശ്യമായ ധാരാളം വെള്ളവും ധാതുക്കളും ഉള്ളതിനാൽ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിലൊന്നാണ് ഇത്. കുർക്കുബിറ്റേഷ്യസ് കുടുംബത്തിൽപെടുന്ന തണ്ണിമത്തൻ, വാട്ടർ മെലൺ, പാറ്റില്ല അല്ലെങ്കിൽ അക്വമെലോൺ എന്നും അറിയപ്പെടുന്നു. ഇത് ആഫ്രിക്കൻ വംശജനായ ഒരു പഴമാണ്. നൈൽ നദിയുടെ തീരത്തുനിന്നും അറബികളാണ് ഇത് സ്പെയിനിലേക്ക് കൊണ്ടുവന്നത്.
ഇന്ത്യയിൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തണ്ണിമത്തൻ വ്യാപകമായി കൃഷിചെയ്യുന്നു. ഈ പ്രദേശങ്ങളിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് തണ്ണിമത്തൻ വളരാൻ അനുയോജ്യം.
രുചികരം മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളാലും നിറഞ്ഞതാണ് തണ്ണിമത്തൻ. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ ഈ പഴം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണിത്. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.
തണ്ണിമത്തന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്ന് അതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ് എന്നതാണ്. ഇത് ശരീരഭാരം സന്തുലിതവുമായി ക്രമീകരിക്കുന്നവർക്ക് ഉത്തമമായ ഒരു ഫലവർഗമാണ്. ഉയർന്ന അളവിലുള്ള ജലാംശം, ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്നു.
തണ്ണിമത്തൻ പല തരത്തിലും ഇനങ്ങളിലുമുണ്ട്. നിലവിൽ അമ്പതിലധികം വ്യത്യസ്ത തരം തണ്ണിമത്തനുകളുണ്ട്.
90% വരെ വെള്ളം അടങ്ങിയതും വളരെ കുറഞ്ഞ കലോറി ഉപഭോഗവുമുള്ള ഇത്, ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ ശുപാർശ ചെയ്യുന്ന ഒരു പഴമാണ്. ഉയർന്ന വേനൽക്കാല താപനിലയെ മറികടക്കാൻ ജലാംശം നൽകുന്ന ഒരു ഉറവിടമായും ഇത് വർത്തിക്കുന്നു. ചുവപ്പ്-പിങ്ക്, വെള്ള, പർപ്പിൾ നിറങ്ങളിൽ ഇത് ലഭ്യമാണ്.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീനുകളുടെയും ബീറ്റാ കരോട്ടിനുകളുടെയും സാന്നിധ്യമാണ് തണ്ണിമത്തൻ പൾപ്പിന്റെ ചുവപ്പുനിറത്തിനു കാരണം. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള പദാർഥങ്ങളാണിവ.
തണ്ണിമത്തൻ പഴുത്തതും മധുരമുള്ളതുമാണോ എന്ന് അറിയാനുമുള്ള ഏറ്റവും നല്ല മാർഗം, അതിന്റെ ഭാരം നോക്കുക എന്നതാണ്. ഭാരം കൂടുന്തോറും പഴുത്തതായിരിക്കും. നിലത്തെ താങ്ങ് ഭാഗം, ഇളം മഞ്ഞ നിറത്തിലുള്ളവ തിരഞ്ഞെടുക്കുക എന്നതാണ് അടുത്ത മാർഗം. അതായത് പഴം നിലത്തുകിടന്ന് പാകമായി, കൃത്യമായ സമയത്ത് വിളവെടുത്തു എന്നതാണ് ആ മഞ്ഞനിറം കൊണ്ട് അർഥമാക്കുന്നത്.
മുറിക്കാത്ത തണ്ണിമത്തൻ 30 ദിവസം വരെ മുറിയിലെ താപനിലയിൽ സൂക്ഷിക്കാം. ഒരിക്കൽ തുറന്നാൽ പ്ലാസ്റ്റിക് റാപ്പ് കൊണ്ട് മൂടി ഏഴു ദിവസം വരെ റഫ്രിജറേറ്ററിൽ 4º മുതൽ 6ºC വരെ താപനിലയിൽ സൂക്ഷിക്കണം.
കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി വേനൽക്കാല വിഭവങ്ങൾ ഇതുപയോഗിച്ച് തയ്യാറാക്കാം. തണ്ണിമത്തൻ ഉപയോഗിച്ചുള്ള സലാഡുകൾ, ജ്യൂസുകൾ, സോർബെറ്റുകൾ, ഐസ്ക്രീമുകൾ, ഫ്രൂട്ട് സലാഡുകൾ (കിവി, തണ്ണിമത്തൻ, സ്ട്രോബെറി അല്ലെങ്കിൽ വാഴപ്പഴം എന്നിവയുമായി സംയോജിപ്പിച്ചത്) ഇവയെല്ലാം വളരെ ഉന്മേഷദായകവും വേനൽക്കാലത്ത് അനുയോജ്യവുമാണ്.