പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആള്‍ കസ്റ്റഡിയില്‍. ഈരാട്ടുപേറ്റ സ്വദേശി അന്‍സാറാണ് പിടിയിലായത്. കസ്റ്റഡിക്ക് പിന്നാലെ പ്രദേശത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചു.
ആലപ്പുഴയില്‍ പിഎഫ്ഐയുടെ റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
റാലിയുടെ സംഘാടകര്‍ക്കെതിരെയും കുട്ടിയെ റാലിക്കായി കൊണ്ടുവന്നവര്‍ക്കുമെതിരെയാണ് കേസ്. മതസ്പര്‍ദ്ദ വളര്‍ത്തിയെന്ന കുറ്റത്തിനാണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന വ്യാപകമായി പ്രതിഷേധം കനത്തതോടെ പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ റാലി നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നും റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ തോളിലിരുന്ന് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. ഇത് കൂടാതെ ബാബറി വിഷയവും മുദ്രാവാക്യത്തില്‍ പരാമര്‍ശിക്കുന്നുണ്ടായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കുട്ടികളെ റാലിയില്‍ പങ്കെടുപ്പിക്കുന്നതില്‍ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെയാണ് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.