നിരവധി ക്രൈസ്തവർ താമസിക്കുന്ന മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് ആഭ്യന്തരയുദ്ധത്തെ തുടർന്ന് മിണ്ടാത്ത് രൂപതയിൽ പുതുതായി പണികഴിപ്പിച്ച കത്തീഡ്രലിനു നേരെ ബോബാക്രമണം. പുതുതായി നിർമ്മിച്ച് രണ്ടാഴ്ച തികയുന്നതിനുമുമ്പാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രലിനുരെ സൈനിക ആക്രമണം നടന്നത്. ബോംബാക്രമണത്തിൽ കത്തീഡ്രലിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
ഫെബ്രുവരി ആറിന് മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ആർക്കും പരിക്കില്ല. എന്നാൽ പള്ളി ഉപയോഗശൂന്യമായിരിക്കുകയാണെന്ന് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ഇൻഫർമേഷൻ സർവീസായ ഫിഡെസ് പറയുന്നു. “കത്തീഡ്രലിൽ നിരവധി ബോംബുകൾ പതിച്ചു. മേൽക്കൂരയ്ക്കും സ്റ്റെയിൻ ഗ്ലാസ് ജനാലകൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണങ്ങളും പോരാട്ടവും കാരണം പുരോഹിതരും വിശ്വാസികളും പ്രദേശം വിട്ടുപോയതിനാൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല” – ഫിഡെസ് പറയുന്നു.
മുമ്പ് ബർമ്മ എന്നറിയപ്പെട്ടിരുന്ന മ്യാൻമാർ 2021 ഫെബ്രുവരിയിലെ ഒരു അട്ടിമറിക്കുശേഷം യുദ്ധത്താൽ വലയുകയാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിന്റെ സൈന്യം ഓങ് സാൻ സൂകിയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കി അധികാരം ഏറ്റെടുത്തു. രാജ്യവ്യാപകമായി തുടർന്ന സമാധാനപരമായ പ്രതിഷേധം ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങുകയായിരുന്നു.