ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കുള്ള എം 23 വിമതർ, കിഴക്കൻ മേഖലയിലെ രണ്ടാമത്തെ വലിയ നഗരമായ ബുക്കാവിൽ പ്രവേശിച്ചതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച വൈകുന്നേരം വിമതർ സൗത്ത് കിവു പ്രവിശ്യാ തലസ്ഥാനത്ത് പ്രവേശിച്ചതായും ശനിയാഴ്ചയും മുന്നേറ്റം തുടരുമെന്നും എം 23 വിമതർ ഉൾപ്പെടുന്ന കോംഗോ റിവർ അലയൻസ് നേതാവ് കോർണൈൽ നംഗ പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ വെടിനിർത്തലിനും സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള ആഹ്വാനങ്ങൾക്കിടയിലും റുവാണ്ടൻ പിന്തുണയുള്ള തീവ്രവാദികളുടെ മുന്നേറ്റം പ്രകടമാണ്. വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സമീപ ആഴ്ചകളിൽ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽനിന്ന് മാറ്റേണ്ടിവന്നു.
കഴിഞ്ഞ മാസം അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള ടുട്സിയുടെ നേതൃത്വത്തിലുള്ള എം 23, ധാതുസമ്പന്നമായ കിഴക്കൻപ്രദേശത്തെ പ്രധാന നഗരമായ ഗോമ പിടിച്ചെടുത്തിരുന്നു. വിഭവങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിനായി റുവാണ്ട ഈ മേഖലയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന് കോംഗോ സർക്കാർ ആരോപിച്ചു. എന്നാൽ റുവാണ്ട ഈ അവകാശവാദം നിഷേധിച്ചു.