477 ദിവസത്തെ അനിശ്ചിതത്വത്തിനും അനന്തമായ പ്രാർഥനകൾക്കും നിരന്തരമായ പോരാട്ടത്തിനുംശേഷം, ഷിറ ആൽബഗ് ഒരു സ്വപ്നത്തിൽനിന്ന് ഉണർന്നതുപോലെയാണ് ഈപ്പോൾ. ഹമാസിന്റെ തടവിൽനിന്നും തന്റെ മകൾ ലിറി ആൽബാഗ് മോചിപ്പിക്കപ്പെട്ടപ്പോൾ ഇരുവർക്കും ലഭിച്ചത് ഒരു പുനർജന്മമാണ്. ഷിറ എന്ന അമ്മ തന്റെ മകളുടെ അരികിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുമ്പോഴും ഐ ഡി എഫിലെ സൈനികയായ ലിറിയ്ക്ക് താൻ മോചിപ്പിക്കപ്പെട്ടത് വിശ്വസിക്കാനായിട്ടില്ല.
ഒക്ടോബർ ഏഴിന് നഹൽ ഓസ് ഔട്ട്‌പോസ്റ്റിൽനിന്ന് തട്ടിക്കൊണ്ടുപോയ ഐ ഡി എഫ് ലുക്ക്ഔട്ട് സൈനികയായ ലിറി ആൽബാഗ്, അവളുടെ ജീവിതത്തിലേക്ക് ഇനിയും തിരികെവന്നിട്ടില്ല.
“നിങ്ങൾക്കറിയാമോ, ഇത്രയും നാളുകൾക്കുശേഷം ഞാൻ എന്റെ മകളോടൊപ്പം ഉണരുമ്പോൾ, അവളുടെ സാന്നിധ്യം അനുഭവിക്കുമ്പോൾ, ഞാൻ സ്വയം പറഞ്ഞുകൊണ്ടേയിരിക്കുന്നു ഞാൻ ഒരു സ്വപ്നത്തിലാണെന്ന്” – ഷിറ പറഞ്ഞു. “അവൾ ഒരുപാട് വളർന്നു. അവൾക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകും. പക്ഷേ ചിലപ്പോഴൊക്കെ അവൾ വളരെ നിശ്ശബ്ദയാണ്. ഒരുവശത്ത്, അവൾ ധാരാളം സംസാരിക്കും എന്നാൽ മറുവശത്ത്, എല്ലാം കൂടിച്ചേർന്നതുപോലെയാണ്” – ഷിറ തന്റെ ശബ്ദത്തിൽ ഉറച്ചുനിന്നു. “ലിറി അറബി പഠിച്ചു, തന്നെ ബന്ദിയാക്കിയവരുടെ മനഃശാസ്ത്രം പഠിച്ചു, എപ്പോൾ സംസാരിക്കണമെന്നും എപ്പോൾ മൗനം പാലിക്കണമെന്നും അവൾക്കറിയാമായിരുന്നു. അവൾ എതിർത്തില്ല, മത്സരിച്ചില്ല. അവൾ അതിജീവിച്ചു” – ഷിറ കൂട്ടിച്ചേർത്തു.
അവളെ പിടികൂടിയവർ അവരുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചു. “അവർ മാനസികമായി അവളെ പീഡിപ്പിച്ചു. ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിക്കും, അവരെ വിട്ടയയ്ക്കില്ല, എന്നേക്കും അവർ അവിടെ ഉണ്ടായിരിക്കും എന്ന് അവരെ വിശ്വസിപ്പിച്ചു.” പ്രതിരോധശേഷി ഉണ്ടായിരുന്നിട്ടും, ലിറിയും ആ ഭീകരതകളിൽനിന്ന് മുക്തയായിരുന്നില്ല.
അവൾ ഞങ്ങളോട് പറഞ്ഞു: “അമ്മേ, ഞങ്ങൾ നരകത്തിലായിരുന്നു; എല്ലാവരെയും മോചിപ്പിക്കണം.” പക്ഷേ അവളെ ഏറ്റവും കൂടുതൽ ഞെട്ടിച്ച കാര്യം നിഷേധിക്കാനാവാത്ത സത്യമായിരുന്നു. “ഞങ്ങൾ പെൺകുട്ടികൾ കഷ്ടപ്പെട്ടു. പക്ഷേ ആൺകുട്ടികളും പുരുഷന്മാരും അതിലും കൂടുതൽ കഷ്ടപ്പെട്ടു.”
ഒക്ടോബർ ഏഴിനു മുമ്പുണ്ടായിരുന്ന ജീവിതത്തിലേക്ക് ലിറ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇപ്പോൾ, രാജ്യം മുഴുവൻ അവളുടെ പേര് അറിയാം. എല്ലാവരും അവളുടെ കഥ പിന്തുടരുന്നു.
“ആരാലും തിരിച്ചറിയപ്പെടാതെ അവൾക്ക് തെരുവിലൂടെ നടക്കാൻ കഴിയില്ല” – ഷിറ പറയുന്നു. “എന്നിട്ടും അവൾക്ക് അത് പൂർണ്ണമായി മനസ്സിലായിട്ടില്ല” – ഷിറ കൂട്ടിച്ചേർത്തു.
സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ കൂടുതലും വീട്ടിൽവച്ചാണ് നടക്കുന്നത്. ഒറ്റയ്ക്ക് യാത്രചെയ്യാൻ അവൾ പ്രാപ്തയായിട്ടില്ല. കുടുംബം അവളെ ചുറ്റിപ്പറ്റിയാണ് ഉള്ളത്. ഓരോ കാര്യങ്ങൾ ചെയ്യാൻ അവർ അവളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
“ഒഹാദിനെയും ഏലിയെയും തടവിൽനിന്ന് മോചിപ്പിക്കുന്ന ദൃശ്യങ്ങൾ ലിറി കണ്ടു” – ഷിറ പറയുന്നു. “അവൾ മരവിച്ചു. അവളുടെ തലച്ചോറ് പ്രവർത്തനരഹിതമായതുപോലെ ആയിരുന്നു. അവൾ ഇപ്പോൾ നമ്മോടൊപ്പമില്ല എന്നതുപോലെ. ഞങ്ങൾക്ക് ടിവി ഓഫ് ചെയ്ത് അവളെ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടിവന്നു.”
“നിർഭാഗ്യവശാൽ, ഗാസയിൽ ഇരുപത് ദശലക്ഷം തീവ്രവാദികളുണ്ട്. ലിറയെ സിവിലിയൻ വീടുകളിലാണ് പാർപ്പിച്ചിരുന്നത്; കൊച്ചുകുട്ടികൾ പോലും അതിന്റെ ഭാഗമായിരുന്നു. പച്ച തലപ്പാവ് ധരിച്ച യൂണിഫോമിലുള്ളവർ മാത്രമല്ല ഇത് ചെയ്യുന്നത്. അതൊന്നും ഇല്ലാത്ത സിവിലിയന്മാർ എന്ന് വിളിക്കപ്പെടുന്നവരും അതിൽ ഉൾപ്പെട്ടിട്ടുണ്ട്.”
“ഹമാസിനെ തകർക്കുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, ഇപ്പോൾതന്നെ ഇരുപത് ദശലക്ഷം സിവിലിയന്മാരെ ഇല്ലാതാക്കുന്നതിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. നമുക്കത് ചെയ്യാൻ കഴിയില്ല. ആദ്യം എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരണം” – ഷിറ ഉറച്ച ബോധ്യത്തോടെ ആവർത്തിക്കുന്നു.
“ലിറ ഇനി പഴയ ജീവിതത്തിലേക്ക് തിരികെവരില്ല. അവൾ സുഖപ്പെടില്ല. ഞങ്ങൾ കുടുംബത്തിലുള്ളവരും അങ്ങനെതന്നെ. ഹമാസ് കൊണ്ടുപോയവരെല്ലാം തിരിച്ചുവരുന്നതുവരെ ഇസ്രയേലും സുഖപ്പെടില്ല” – ഷിറ പറഞ്ഞുനിർത്തി.