2023 ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരായ ആക്രമണത്തിൽ ജീവനോടെ പിടിക്കപ്പെട്ടതിനുശേഷം ഗാസയിൽ തടവിലാക്കപ്പെട്ട നാലു ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേലിനു കൈമാറാൻ ഹമാസ് തീരുമാനിച്ചതിനുപിന്നാലെ മൃതദേഹങ്ങൾ സ്വീകരിക്കാനൊരുങ്ങി ഇസ്രായേൽ. ഇതിൽ ബിബാസ് കുടുംബത്തിലെ അമ്മയും രണ്ടു കുട്ടികളും ഉൾപ്പെടുന്നുവെന്നും പറയുന്നു. ബന്ധികളിൽ ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ ഖിഫിറിന് ഒമ്പതുമാസം മാത്രമാണ് പ്രായം. നാലാമത്തെ മൃതദേഹം, മുതിർന്ന സമാധാനപ്രവർത്തകനായ 84 കാരനായ ഒഡെഡ് ലിഫ്ഷിറ്റ്സിന്റേതാണെന്ന് ഹമാസ് പറയുന്നു.
കഴിഞ്ഞ മാസം വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് സംഘം മരിച്ച ബന്ദികളെ കൈമാറുന്നത്. “മുഴുവൻ രാഷ്ട്രത്തിന്റെയും ഹൃദയം കീറിമുറിച്ചിരിക്കുന്നു” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ശനിയാഴ്ച, ജീവനോടെയുള്ള ആറു ബന്ദികളെയും മോചിപ്പിക്കും.
ഇസ്രായേൽ സർക്കാർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 33 വയസ്സുള്ള ഷിരി ബിബാസും അവരുടെ മക്കളും (ഇപ്പോൾ അഞ്ചും രണ്ടും വയസ്സ് പ്രായമുണ്ടാകും) മരിച്ചുവെന്ന വാർത്ത രാജ്യമെമ്പാടും ദുഃഖത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു. ഫോറൻസിക് പരിശോധനകൾക്കുശേഷം മാത്രമേ മരിച്ചവരുടെ പേരുകൾ സ്ഥിരീകരിക്കുകയുള്ളൂവെന്ന് സർക്കാർ പറയുന്നു. ഹമാസ് ഇതുവരെ ജീവനോടെ വിട്ടയച്ച ബന്ദികളെ സ്വീകരിച്ച റെഡ് ക്രോസ്, മാന്യമായ കൈമാറ്റത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും നാല് മൃതദേഹങ്ങൾ എങ്ങനെ കൈമാറുമെന്നതിൽ വ്യക്തതയില്ല.