Wednesday, January 22, 2025

സര്‍വീസ് ചാര്‍ജ് നല്‍കാന്‍ റസ്റ്ററന്റുകള്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

സേവന നിരക്ക്(സര്‍വീസ് ചാര്‍ജ്) നല്‍കാന്‍ റസ്റ്ററന്റുകള്‍ക്ക് ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉപഭോക്താവിന്റെ വിവേചനാധികാരം ഉപയോഗിച്ച് വേണമെങ്കില്‍ ഇത്തരം നിരക്കുകള്‍ നല്‍കാം. എന്നാല്‍, നിയമപ്രകാരം ഇത് നിര്‍ബന്ധമല്ല. സേവന നിരക്ക് നല്‍കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുത് എന്നു കാണിച്ച് നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈനില്‍ നിരവധി പരാതികള്‍ വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം ഉപഭോക്തൃകാര്യ വകുപ്പ് കൈമാറി.

റസ്റ്ററന്റുകള്‍ പലപ്പോഴും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഉയര്‍ന്ന സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടെന്നും ഇത് നല്‍കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാവുകയാണെന്നും ഇതില്‍ പറയുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങളെ സാരമായി ബാധിക്കുന്നതിനാല്‍ വിഷയം വിശദമായി പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത്കുമാര്‍ സിങിന്റെ കത്തില്‍ പറയുന്നു. റസ്റ്ററന്റുകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉപഭോക്തൃകാര്യ വകുപ്പ് ജൂണ്‍ രണ്ടിന് എന്‍.ആര്‍.ഐയുമായി യോഗം ചേരും.

2017 ല്‍ സര്‍വീസ് ചാര്‍ജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാര്‍ഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവില്‍ നിന്ന് മറ്റൊരു ചാര്‍ജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലില്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഭക്ഷണശാലകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാം. മറ്റ് പേരുകളിലും ഈ പണം ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

 

Latest News