ഗാസയിലെ ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രായേലിനു കൈമാറുന്നതിനുമുമ്പ് ‘പരേഡിംഗ്’ ചെയ്യുന്ന കാഴ്ച വെറുപ്പുളവാക്കുന്നതും ഒപ്പം വളരെ ക്രൂരവുമാണെന്ന് യു എന്‍ മനുഷ്യാവകാശ മേധാവി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: “അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പറത്തിക്കൊണ്ടുള്ളതായിരുന്നു കഴിഞ്ഞ ദിവസം നടന്ന, മൃതദേഹങ്ങളുടെ പരേഡിംഗ് ചെയ്യുന്ന കാഴ്ച. അത് വളരെ വെറുപ്പുളവാക്കുന്നതും ക്രൂരവുമാണ്. എല്ലാ ബന്ദികൈമാറ്റങ്ങളും സ്വകാര്യതയിൽ നടത്തേണ്ടതാണ്. ബഹുമാനത്തോടെയും കരുതലോടെയും അത് നടത്തണമെന്ന് ഞങ്ങള്‍ അവരോട് അഭ്യർഥിക്കുന്നു.”
അന്താരാഷ്ട്ര നിയമമനുസരിച്ച്, മരണപ്പെട്ടയാളുടെ ശരീരാവശിഷ്ടങ്ങള്‍ കൈമാറുന്ന സമയത്ത് ക്രൂരവും മനുഷ്യത്വരഹിതവും നികൃഷ്ടവുമായ പെരുമാറ്റം നിരോധിക്കണമെന്നും മരിച്ചവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അന്തസ്സിനോടുള്ള ബഹുമാനം ഉറപ്പാക്കണമെന്നും യു എന്‍ അവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് ഓര്‍മ്മിപ്പിക്കുന്നു.
ബന്ദികളാക്കപ്പെട്ട ഷിരി ബിബാസിന്റെയും അവളുടെ രണ്ട് ആണ്‍കുട്ടികളുടെയും 83-ാം വയസ്സില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഒഡെഡ് ലിഫ്ഷിറ്റ്‌സിന്റെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച തിരിച്ചയച്ചതായി ഹമാസ് പറഞ്ഞു. അതില്‍ ലിഫ്ഷിറ്റ്സിന്റെ മൃതദേഹം തിരികെ ലഭിച്ചതായി ഇസ്രായേല്‍ അധികൃതരില്‍നിന്ന് സ്ഥിരീകരണം ലഭിച്ചതായി ലിഫ്ഷിറ്റ്സിന്റെ കുടുംബം വ്യാഴാഴ്ച പറഞ്ഞു.
റെഡ് ക്രോസിനു കൈമാറുന്നതിനുമുമ്പ്, ശവപ്പെട്ടികള്‍ ഒരു വേദിയില്‍ സ്ഥാപിക്കുകയും അതിനടുത്തായി ആയുധധാരികളായ ഹമാസ് തോക്കുധാരികള്‍ കറുത്ത യൂണിഫോം ധരിച്ച് അവിടം ചുറ്റുകയും ശവപ്പെട്ടിയിലെ ഫലകങ്ങളില്‍, അവരുടെ ‘അറസ്റ്റ്’ തീയതികള്‍ രേഖപ്പെടുത്തുകയും ബന്ദികളുടെ മരണത്തിന് ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ നരഹത്യയെത്തുടർന്നാണ് യുദ്ധം ആരംഭിച്ചത്. ഒക്ടോബര്‍ ഏഴിനു നടന്ന ആക്രമണത്തിനിടെ 251 പേരെ ഹമാസ് ബന്ദികളാക്കി. അതില്‍ നൂറിലധികം പേരെ 2023 നവംബറില്‍ മോചിപ്പിച്ചു. ഇസ്രായേല്‍സേന എട്ട് ബന്ദികളെ രക്ഷപെടുത്തുകയും 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ ആരംഭിച്ചതുമുതല്‍ 24 ബന്ദികളെ ഹമാസ് മോചിപ്പിച്ചിട്ടുണ്ട്.