ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി, ഹമാസ് ആറ് ഇസ്രായേലി ബന്ദികളെകൂടി ശനിയാഴ്ച വിട്ടയച്ചു.
മോചിപ്പിക്കപ്പെട്ട ആറു ബന്ദികളിൽ 27 വയസ്സുള്ള എലിയ കോഹൻ, 22 വയസ്സുള്ള ഒമർ ഷെം ടോവ്, 23 വയസ്സുള്ള ഒമർ വെൻകെർട്ട് എന്നിവരെ 2023 ഒക്ടോബർ ഏഴിനു നടന്ന ആക്രമണത്തിനിടെ തെക്കൻ ഇസ്രായേലിലെ നോവ സംഗീതോത്സവം നടന്ന സ്ഥലത്തുനിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയതാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടോളം ഹമാസ് തടവിലാക്കിയിരുന്ന താൽ ഷോഹാം (40), അവേര മെംഗിസ്റ്റു (39) എന്നിവരെ തെക്കൻ ഗാസയിലെ റാഫയിൽ വച്ചാണ് വിട്ടയച്ചത്. ആറാമത്തെ ബന്ദിയായ ഹിഷാം അൽ-സയീദിനെയും (36) ഗാസ സിറ്റിയിൽ വച്ച് ഹമാസ് റെഡ്ക്രോസിനു കൈമാറി.
ജനുവരി 19 ന് പ്രാബല്യത്തിൽവന്ന ഗാസ വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കപ്പെടുന്ന 33 പേരിലെ അവസാനത്തെ ആളുകളാണ് ഈ ആറുപേർ. ഏകദേശം 60 ബന്ദികൾകൂടി ഇപ്പോഴും ഹമാസിന്റെ പിടിയിൽ ഗാസയിലുണ്ട്. അവരിൽ പകുതിയിൽ താഴെ പേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്.