റഷ്യയുടെ, യുക്രൈനിലെ പൂർണ്ണതോതിലുള്ള അധിനിവേശത്തിന്റെ മൂന്നാം വാർഷികത്തിനു മുന്നോടിയായി, സമാധാനത്തിനായി തന്റെ പ്രസിഡന്റ് സ്ഥാനം ത്യജിക്കാൻ തയ്യാറാണെന്നു പറഞ്ഞ് വോളോഡിമർ സെലെൻസ്‌കി. “സമാധാനം കൈവരിക്കണമെങ്കിൽ ഞാൻ എന്റെ സ്ഥാനം ഉപേക്ഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഞാൻ തയ്യാറാണ്. അത്തരം വ്യവസ്ഥകളുണ്ടെങ്കിൽ, എനിക്ക് നാറ്റോ അംഗത്വത്തിനായി അത് മാറ്റാൻ കഴിയും” – ഒരു വാർത്താസമ്മേളനത്തിനിടെ ഉണ്ടായ ഒരു ചോദ്യത്തിന് സെലെൻസ്‌കി മറുപടി നൽകി.
സെലെൻസ്‌കിയെ ‘തിരഞ്ഞെടുപ്പ് ഇല്ലാത്ത സ്വേച്ഛാധിപതി’ എന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ. യുക്രേനിയൻ നിയമമനുസരിച്ച്, 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ്ണതോതിലുള്ള അധിനിവേശം മുതൽ നിലവിലുണ്ടായിരുന്ന സൈനിക നിയമപ്രകാരം തിരഞ്ഞെടുപ്പുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.