നൈജീരിയയിൽ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടർകഥയാകുന്നു. ഫാ. മാത്യു ഡേവിഡ് ദത്സെമി, ഫാ. എബ്രഹാം സൗമ്മം എന്നീ രണ്ടു വൈദികരെയാണ് ഫെബ്രുവരി 22 ന് നൈജീരിയയിലെ യോല കത്തോലിക്കാ രൂപതയിൽനിന്ന് തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഫെബ്രുവരി 23 ഞായറാഴ്ച നടത്തിയ പ്രസ്താവനയിൽ, ഫെബ്രുവരി 22 ന് പുലർച്ചെ യോല രൂപതയിൽനിന്നും രണ്ട് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടു പോയതായി സ്ഥിരീകരിച്ചു. “നൈജീരിയയിലെ അഡമാവാ സ്റ്റേറ്റിലെ ഡെംസ ലോക്കൽ ഗവൺമെന്റ് ഏരിയയിൽ സ്ഥിതിചെയ്യുന്ന ഗ്വേദ-മല്ലത്തിലെ വൈദിക റെക്ടറിയിലാണ് ദൗർഭാഗ്യകരമായ ഈ സംഭവം നടന്നത്. ശനിയാഴ്ച പുലർച്ചെ ആയുധധാരികൾ ഇടവകയുടെ റെക്ടറിയിലെത്തി വൈദികരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു” – ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ പ്രസ്താവനയിൽ പറയുന്നു.
“വൈദികരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി യോലയിലെ കത്തോലിക്കാ രൂപത പ്രാർഥനകൾ അഭ്യർഥിക്കുന്നു. വെല്ലുവിളി നിറഞ്ഞതും ദുരിതപൂർണ്ണവുമായ ഈ സമയത്ത്, ഈ രണ്ട് വൈദികരുടെ സുരക്ഷിതത്വത്തിനും അവരുടെ തടവുകാരിൽനിന്ന് വേഗത്തിലുള്ള മോചനത്തിനുംവേണ്ടി ഞങ്ങൾ താഴ്മയോടെ നിങ്ങളുടെ പ്രാർഥന തേടുന്നു” – നൈജീരിയൻ കത്തോലിക്കാ ബിഷപ്പ് പറയുന്നു.