ദീപിക ദിനപത്രത്തില്‍ ഡോ. മൈക്കിള്‍ പുളിക്കല്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തില്‍ ഒരു പത്തുവയസുകാരന്റെ നാവില്‍നിന്നു മുദ്രാവാക്യത്തിന്റെ രൂപത്തില്‍ പുറത്തുവന്ന വാക്കുകള്‍ കേരളജനതയെ അക്ഷരാര്‍ഥത്തില്‍ത്തന്നെ ഞെട്ടിച്ചു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മത തീവ്രവാദത്തിന്റെയും അസഹിഷ്ണുതയുടെയും നേര്‍ചിത്രമാണ് അവിടെ കണ്ടത്. ഹൈന്ദവരെയും ക്രൈസ്തവരെയും തങ്ങള്‍ ഇല്ലായ്മ ചെയ്യുമെന്നുള്ള ആശയം ഇരു കൂട്ടരുടെയും മരണാനന്തര ചടങ്ങുകളെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളിലൂടെയാണു മുദ്രാവാക്യത്തില്‍ വ്യക്തമാക്കിയത്.
തങ്ങള്‍ മറ്റുമതസ്ഥര്‍ക്ക് അന്തകരാകുമെന്നു പ്രത്യക്ഷത്തില്‍ വിളിച്ചുപറയുകയും നൂറുകണക്കിനു പേര് ഏറ്റുവിളിക്കുകയും ചെയ്ത പ്രസ്തുത ദൃശ്യങ്ങള്‍ ആരുടെയോ മൊബൈല്‍ കാമറ വഴിയായി പുറംലോകത്തെത്തിയതുകൊണ്ടു മാത്രം നമുക്കിടയിലെ ചില സംഘടനകളുടെ യഥാര്‍ഥ മുഖം കുറെപ്പേര്‍കൂടി തിരിച്ചറിഞ്ഞു.
റിപ്പബ്ലിക്കിനെയും ഭരണഘടനയെയും രക്ഷിക്കുക എന്ന ആശയപ്രചാരണം പ്രഖ്യാപിത ലക്ഷ്യമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈ ബഹുജനസമ്മേളനം നടത്തിയതെങ്കിലും, മുദ്രാവാക്യങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു വിഭാഗം ആളുകളെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ അരയും തലയും മുറുക്കി തയാറായി നില്ക്കുന്നു എന്നതാണ്. മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും അംഗീകരിക്കാതെ ഇത്തരക്കാര്‍ വിഭാവനം ചെയ്യുന്ന റിപ്പബ്ലിക്കും ഭരണഘടനയും എന്താണ് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
ഇതേ സംഘടന സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയിരുന്ന ഫ്രീഡം മാര്‍ച്ചിനെ കേരള സര്‍ക്കാര്‍ 2012ല്‍ നിരോധിത സംഘടന ആയ സിമിയുടെ പുതിയ രൂപമാണെന്ന വാദമുയര്‍ത്തി തടയുകയുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഫ്രീഡത്തില്‍നിന്നും റിപ്പബ്ലിക്കിലേക്കുള്ള മാറ്റവുമായി ശക്തി പ്രകടിപ്പിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
തീവ്രസ്വഭാവമുള്ള സംഘടനകള്‍ എന്നു കോടതിയും
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന പരാതിയെ തുടര്‍ന്ന് നടന്ന വാദത്തിലാണ്, ഈ മാസം 13ന് കേരള ഹൈക്കോടതി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കാന്‍ തക്ക തീവ്രവാദസ്വഭാവമുള്ള സംഘടനകളാണ് എന്ന് അഭിപ്രായപ്പെട്ടത്. തീവ്രസ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ ആയിട്ടും അവയൊന്നും നിരോധിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു ജഡ്ജി കെ. ഹരിപാലിന്റെ നിരീക്ഷണം.
അച്യുതാനന്ദനും പിണറായിയും പറഞ്ഞത്
2010 ജൂലൈയിലാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിമര്‍ശിച്ചത്. ഇരുപതു വര്‍ഷംകൊണ്ടു കേരളത്തെ ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനം ആക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് കോളജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തോടനുബന്ധിച്ചായിരുന്നു മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്. സമാനമായ നിരീക്ഷണം മുഖ്യമന്ത്രിക്ക് മുമ്പ് ജൂലൈ 23 ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നടത്തിയിരുന്നു.
2021 സെപ്റ്റംബര്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെറുപ്പക്കാര്‍ മതതീവ്രനിലപാടുകളില്‍ ആകൃഷ്ടരായി തീവ്രവാദ സംഘടനകളില്‍ എത്താതിരിക്കാനും തെറ്റായ നിലപാടുകളില്‍നിന്നു പിന്തിരിപ്പിക്കാനും സ്പെഷല്‍ ബ്രാഞ്ച് ഡീ-റാഡിക്കലൈസേഷന് പരിപാടികള്‍ മഹല്ല് കമ്മറ്റികളും മദ്രസകളും കേന്ദ്രമാക്കി നടത്തുന്നു എന്നു വെളിപ്പെടുത്തിയിരുന്നു. പലപ്പോഴും കേരളത്തില്‍ മതതീവ്രവാദമൊന്നും ഇല്ല എന്നു പറഞ്ഞിരുന്ന മുഖ്യമന്ത്രി നടത്തിയ ഈ വെളിപ്പെടുത്തല്‍ മാത്രം മതി ഇവിടെ മതത്തിന്റെ പേരില്‍ തീവ്രസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവ്.
ഏതു സംഘടനകളാണ് റാഡിക്കലൈസേഷന് പ്രക്രിയകളില്‍ പങ്കാളികളാകുന്നതെന്ന് മുഖ്യമന്ത്രിയോ പൊലീസോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൊതുജനത്തിന് ഇത്തരം സംഘടനകളെ മനസിലാക്കാന്‍ ആലപ്പുഴ സമ്മേളനം ഉപകരിച്ചു എന്നതു തീര്‍ച്ചയാണ്.
മുന്നറിയിപ്പ് നല്കുവാന് ഐക്യരാഷ്ട്ര സംഘടനയും
ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ മോണിറ്ററി ടീം 2020 ജൂലൈ 23നു പ്രസിദ്ധീകരിച്ച 26-ാമതു റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ഐഎസ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു നിരവധി അംഗങ്ങള്‍ ഉണ്ടെന്നുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ട്. റിപ്പോര്‍ട്ടിന്റെ 68-ാം നമ്പറില്‍ പറയുന്നത് പ്രകാരം ഐഎസ് ഇന്ത്യ ഘടകത്തില്‍ ഉള്ള ഇരുനൂറോളം പേരില്‍ ഭൂരിഭാഗവും കേരളത്തിലും കര്‍ണാടകയിലും ആണെന്നാണ്.
വെളിപ്പെടുത്തലുകളുമായി ഡിജിപിയും
വിരമിക്കുന്നതിന് രണ്ടു ദിവസം മുന്‍പ്, 2021 ജൂണ്‍ 27നാണ് കേരളം ഐഎസ് റിക്രൂട്ടിംഗ് താവളമാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ തുറന്നു പറഞ്ഞത്. സംസ്ഥാനത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഉണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തീവ്രസ്വഭാവമോ?
1993 ലെ ബാബറി മസ്ജിദിന്റെ തകര്‍ച്ചയോടനുബന്ധിച്ച് രൂപം കൊണ്ട നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ് ) എന്ന സംഘടനയുടെ തുടര്‍ച്ചയായിട്ടാണ് 2006 ല്‍ ഇന്നത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനം രൂപമെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുസ്ലീം സംഘടനകളുമായി ബന്ധപ്പെട്ടുള്ളതാണ് ഇവയുടെ ദേശീയ സ്വഭാവം. ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് മുഖ്യ ലക്ഷ്യമായി ഇവര്‍ അവകാശപ്പെടുന്നത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ അതേ മാതൃകയിലാണ് പോപ്പുലര്‍ ഫ്രണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ).
എന്നിരുന്നാലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിത സംഘടനയായ സിമിയുടെ പുനരവതാരം ആയിട്ടാണു വീക്ഷിക്കപ്പെടുന്നത്. കാരണം സിമിയുടെ ആദ്യകാല പ്രവര്‍ത്തകരായിരുന്നു ഈ സംഘടനയുടെ പിന്നിലും പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയില്‍ നടന്ന നിരവധി ഭീകര ആക്രമണങ്ങളുടെ പിന്നിലും, വിശിഷ്യാ 2002-03 കാലയളവില്‍ നടന്ന മുംബൈ സ്ഫോടനങ്ങള്‍ക്കു പിന്നിലും സിമിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാറാട് കലാപത്തിലെ പ്രതികളില്‍ പലരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു എന്ന് ജസ്റ്റീസ് തോമസ് പി. ജോസഫ് കമ്മീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
2014 ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് പോപ്പുലര്‍ ഫ്രണ്ട് 27 കൊലപാതകങ്ങള്‍, 86 കൊലപാതകശ്രമങ്ങള്‍, 106 വര്‍ഗീയ ലഹളകള്‍ എന്നിവയില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മതപരിവര്‍ത്തനം, വര്‍ഗീയത തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് പുലര്‍ത്തുന്നതെന്നും ഇസ്ലാമികവത്കരണമാണ് അവരുടെ ലക്ഷ്യമെന്നും പ്രസ്തുത സത്യവാങ്മൂലം സൂചിപ്പിക്കുന്നുണ്ട്. 2010 ജൂലൈ നാലിന്, ചോദ്യപേപ്പര്‍ വിവാദത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അധ്യാപകന്റെ കരം ഛേദിച്ചതോടെയാണ് ഈ സംഘടനയുടെ ഭീകരമുഖം സമൂഹത്തിനു മുന്നില്‍ അനാവൃതമായത്.
വേഷപ്പകര്‍ച്ചയുമായി ജനങ്ങളിലേക്ക്
എല്ലാ തീവ്രവാദ സ്വഭാവങ്ങളെയും മറച്ചുവച്ച് കൂടുതല്‍ ജനകീയമാകുന്ന നയതന്ത്രമാണ് പോപ്പുലര്‍ ഫ്രണ്ട് ഈയടുത്ത കാലത്തായി അനുവര്‍ത്തിക്കുന്നത്. ജനകീയ പ്രശ്നങ്ങളിലെല്ലാം ഇടപെടുന്നു, നന്മ മരങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകരെ അവതരിപ്പിക്കുന്നു, ഒപ്പം തീവ്ര ഹിന്ദുത്വവാദത്തെ പ്രതിരോധിക്കാന്‍ തങ്ങളേയുള്ളൂ എന്ന പ്രതീതി സമൂഹത്തില്‍, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിര്‍മ്മിച്ചെടുക്കുന്നു. കര്‍ണാടകയിലെ ക്രിസ്തീയ ദേവാലയങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോട്ടയത്ത് എസ്ഡിപിഐ 2021 ഡിസംബര്‍ 21ന് നടത്തിയ റാലി ഇതിന് ഒരു ഉദാഹരണമാണ്.
അതേസമയം തന്നെ ഈയടുത്ത കാലത്തായി നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ പലതിലും പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. തിരിച്ചടികളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഹിന്ദു-മുസ്ലീം സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണമായിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും ക്രിസ്തീയ സ്ഥാപനങ്ങളെ ലക്ഷ്യംവച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഇത്തരം സംഘടനകള്‍ ശ്രമിച്ചിട്ടുണ്ട്.
വോട്ടിന് വേട്ടക്കാരുടെ സംരക്ഷകരാകുന്നവര്‍
ഭൂരിപക്ഷം വരുന്ന മുസ്ലീം സമൂഹത്തെ സംഘടനാപരമായും മതപരമായും സ്വാധീനിക്കാന്‍ ഇത്തരം തീവ്ര സംഘടനകള്‍ക്കു കഴിയുന്നുണ്ട് എന്നതിനു തെളിവുകള്‍ ആവശ്യമില്ല. അരക്ഷിതാവസ്ഥ നിര്‍മിച്ചെടുത്തു തങ്ങളുടെ ഭ്രാന്തന് ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ക്കു സംരക്ഷണം നല്‍കുന്നത് ഇവിടത്തെ ഭരണകൂടം തന്നെയാണ്. വോട്ടിനുവേണ്ടി സാമൂഹിക തിന്മകളെ നിഷേധിക്കുകയും ചിലപ്പോള്‍ ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നു.
വര്‍ഗീയതയും തീവ്രവാദവും പ്രസംഗിക്കുന്നവരില്‍ ആരും തന്നെ ശിക്ഷിക്കപ്പെടുന്നില്ല. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി സര്‍ക്കാര്‍പോലും തുടരുമ്പോള്‍, ഭാവി കേരളം ഒരു ഭീതിയാവുകയാണ്. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സൗഹാര്‍ദവും സമാധാനവും ആഗ്രഹിക്കുന്നവരാണ്. വിഭാഗീയതയും വര്‍ഗീയതയും കൊച്ചുകുട്ടികളില്‍പോലും കൊലവിളിയുടെ അട്ടഹാസമാകുമ്പോള്‍ സര്‍ക്കാര്‍ ഇങ്ങനെ നിഷ്ക്രിയമായി പെരുമാറാന്‍ പാടില്ല.
-കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന് സെക്രട്ടറിയാണ് ലേഖകന്‍