ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി ആർ സി) യിൽ ജനുവരി മുതൽ ഏകദേശം ഏഴായിരം പേർ കൊല്ലപ്പെട്ടുവെന്ന് പ്രധാനമന്ത്രി ജൂഡിത്ത് സുമിൻവ തുലൂക്ക. തിങ്കളാഴ്ച ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഭയാനകമായ ഈ കണക്ക് പങ്കുവച്ചത്.
തൊണ്ണൂറ് കുടിയൊഴിപ്പിക്കൽ ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടതിനാൽ നാലര ലക്ഷത്തോളം ആളുകൾ താമസസ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നു. എം 23 വിമതഗ്രൂപ്പിന്റെ മുന്നേറ്റം, കിഴക്കൻപ്രദേശത്തെ വിലപിടിപ്പുള്ള ധാതുനിക്ഷേപം പിടിച്ചടക്കിയതിനാൽ ഒരു വലിയ യുദ്ധത്തെക്കുറിച്ചുള്ള ഭയവും ഉടലെടുക്കുന്നുണ്ട്. അതേസമയം കോംഗോ, ഐക്യരാഷ്ട്ര സഭ, പാശ്ചാത്യശക്തികൾ എന്നിവരുടെ ആരോപണങ്ങൾക്കിടയിലും ആയുധങ്ങളും സൈനികരും ഉപയോഗിച്ച് എം 23 യെ പിന്തുണച്ചുവെന്ന ആരോപണങ്ങൾ റുവാണ്ട നിഷേധിച്ചു.
യു എൻ മേധാവി അന്റോണിയോ ഗുട്ടെറസ് 58-ാമത് യു എൻ മനുഷ്യാവകാശ കൗൺസിലിനെ അഭിസംബോധന ചെയ്യുകയും ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങൾ ‘ശ്വാസംമുട്ടിക്കുകയാണ്’ എന്ന് പ്രസ്താവിക്കുകയും ഡി ആർ സി യിലെ ഭയാനകമായ ദുരുപയോഗങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇത് അധികാരികളുടെ സൈനികതന്ത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് ആക്കം കൂട്ടി, വർഷത്തിന്റെ തുടക്കം മുതൽ വടക്കൻ, തെക്കൻ കിവു പ്രവിശ്യകളിൽ ഡി ആർ സി ഗണ്യമായ നഷ്ടം നേരിട്ടു.