Tuesday, February 25, 2025

യുക്രൈനെ തുടച്ചുനീക്കാനാണ് പുടിന്റെ ആഗ്രഹം: യുക്രൈൻ പാത്രിയർക്കീസ്

നിലനിൽക്കുന്ന സമാധാനമാണ് യുക്രൈനിൽ സ്ഥാപിക്കപ്പെടേണ്ടതെന്നും ഏകാധിപതികൾക്ക് അതിൽ താൽപര്യമില്ലെന്നും യുക്രൈനിലെ കീവ് – ഗലീസിയയുടെ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലേവ് ഷെവ്ചുക് വാഷിംഗ്ടണിൽ പറഞ്ഞു.

“പുടിന്റെ ലക്ഷ്യം വ്യക്തമാണ്; യുക്രൈനിലെ ജനങ്ങളെയും അവിടത്തെ സഭയെയും യുക്രൈനെത്തന്നെയും തുടച്ചുനീക്കുക എന്നതാണ്” – വാഷിംഗ്ടണിൽ സന്ദർശനം നടത്തുന്ന യുക്രൈനിലെ കത്തോലിക്ക സഭയുടെ തലവനായ പാത്രിയർക്കീസ് സ്വിയാറ്റോസ്ലേവ് ഷെവ്ചുക് പറഞ്ഞു. “ഇതൊരു ജീവൻമരണ പോരാട്ടത്തിന്റെ കാര്യമാണ്. യുക്രൈനെ കീഴടക്കുന്നതിൽ റഷ്യ വിജയിച്ചാൽ അവിടത്തെ സഭ നിലനിൽക്കില്ല. പൗരസ്ത്യ കത്തോലിക്കർ ജീവിക്കുന്ന സ്ഥലങ്ങളിൽ റഷ്യ അധിനിവേശം നടത്തിയപ്പോഴൊക്കെ റഷ്യൻ ഓർത്തഡോക്സ് സഭയിൽ ചേരാൻ അവർ നിർബന്ധിക്കപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം അവരെ നാടുകടത്തുകയോ, തടങ്കൽപാളയങ്ങളിൽ നരകയാതനകൾക്കായി എൽപിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന് ചരിത്രം സാക്ഷിക്കുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യു എസ് റഷ്യയുമായി നയതന്ത്ര തലത്തിലുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സൗദിയിൽവച്ചു നടന്ന ആദ്യ യോഗത്തിൽ യുക്രൈൻ പ്രതിനിധികൾ ഉണ്ടായിരുന്നില്ല.

യുക്രൈന് നൽകിക്കൊണ്ടിരിക്കുന്ന സൈനികസഹായം പിൻവലിക്കാനുള്ള തീരുമാനം ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു. ജയിക്കാൻ കഴിയാത്ത ഒരു യുദ്ധത്തിന് 350 ബില്യൺ ഡോളർ മുടക്കാൻ യു എസിനെ പ്രേരിപ്പിച്ച കൊമേഡിയനാണ് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി എന്ന് ഫെബ്രുവരി 19-ാം തീയതി ട്രംപ് ‘എക്സി’ൽ കുറിച്ചിരുന്നു.

യുദ്ധം നീണ്ടുപോകുന്നതിൽ യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയെ കുറ്റപ്പെടുത്തിയ ട്രംപിന്റെ വാക്കുകൾ റഷ്യൻ പ്രൊപ്പഗാന്തയുടേതാണ് എന്ന് പാത്രിയർക്കീസ് പറഞ്ഞു. യുക്രൈന്റെയും അവിടെയുള്ള സഭയുടെയും ഭാവി സ്ഥിരമായ സമാധാനത്തിൽ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറയുന്നു. റഷ്യൻ അധിനിവേശംമൂലം യുക്രൈൻ ജനത നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പാത്രിയർക്കീസ് സ്വിയാറ്റോസ്ലേവ് ഷെവ്ചുക് വാഷിംഗ്ടണിലെ ഹുഡ്സൺ ഇൻറ്റിറ്റ്യൂട്ടിൽവച്ചു സംസാരിച്ചു.

2022 ഡിസംബറിൽ റഷ്യൻ അധികാരികൾ, യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. കാരിത്താസ് യുക്രൈൻ, നൈറ്റ്സ് ഓഫ് കൊളംബസ് എന്നിവയുടെ പ്രവർത്തനങ്ങളും മരവിപ്പിച്ചിരുന്നു. രണ്ട് യുക്രൈൻ വൈദികർ 18 മാസത്തോളം റഷ്യൻ തടങ്കലിൽ ക്രൂരപീഡനത്തിന് ഇരയായിരുന്നു. റോമിന്റെ ഇടപെടലിലാണ് അവർ മോചിതരായത്.

റഷ്യ കീഴടക്കിയ പ്രദേശങ്ങളിൽനിന്നും ആയിരക്കണക്കിന് യുക്രൈൻ കുട്ടികളെ റഷ്യൻസൈന്യം കടത്തിക്കൊണ്ടുപോയിട്ടുണ്ട്. അവരെ ചില റഷ്യൻ കുടുംബങ്ങളിലും അനാഥാലയങ്ങളിലും പുനർ-വിദ്യാഭ്യാസ ക്യാമ്പുകളിലും പാർപ്പിച്ചിരിക്കുകയാണ്. മിക്കവർക്കും പുതിയ പേരുകൾ നൽകി തങ്ങളുടെ യുക്രൈൻ ഐഡന്റിറ്റി തന്നെ മറന്നുകളയാൻ നിർബന്ധിതരായിട്ടുണ്ട് എന്ന് പാത്രിയർക്കീസ് ഷെവ്ചുക് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News