Thursday, January 23, 2025

കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളി; നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി മതവിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍. ശനിയാഴ്ച നടന്ന പ്രകടനത്തിനിടെയാണ് പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളിയുണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.

റാലിക്കിടെ ഒരാളുടെ തോളത്തിരിക്കുന്ന കുട്ടി മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം റാലിയില്‍ പങ്കെടുത്ത ആളുകള്‍ ഏറ്റുവിളിക്കുന്നുണ്ട്. സംഭവത്തില്‍ പ്രഥമിക അന്വേഷണത്തിനു ശേഷം കേസെടുക്കുന്ന കാര്യം പരിഗണിക്കും. കുട്ടി പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച കാര്യം പോപ്പുലര്‍ ഫ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ അംഗീകാരം ഇല്ലാത്ത മുദ്രാവാക്യമാണ് കുട്ടി റാലിയില്‍ വിളിച്ചതെന്നും അവര്‍ പറഞ്ഞു.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്ന് ജില്ലാ പോലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പത്ത് വയസ് പോലുമാകാത്ത കുട്ടിയാണ് പ്രവര്‍ത്തകരില്‍ ഒരാളുടെ ചുമലില്‍ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

കുട്ടി വിളിച്ചുകൊടുത്തത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യം അല്ലെന്നാണ് പിഎഫ്‌ഐ നല്‍കുന്ന ന്യായീകരണം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള മുദ്രാവാക്യം സംഘാടകര്‍ നേരത്തെ നല്‍കിയിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു.

 

Latest News