റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യാവസ്ഥ അൽപം മെച്ചപ്പെട്ടു. ഗാസയിലെ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനേല്ലിയെ ഫെബ്രുവരി 24 ന് ഫോണിൽ വിളിച്ചു സംസാരിച്ചു.
മാർപാപ്പ തന്റെ പിതൃതുല്യമായ സാമീപ്യം പ്രകടിപ്പിക്കുന്നതിനാണ് ഗാസാ ഇടവക വികാരിയെ ഫോണിൽ വിളിച്ചതെന്ന് പരിശുദ്ധ സിംഹാസനത്തിൽനിന്നുള്ള പത്രക്കുറിപ്പ് വ്യക്തമാക്കി. ഗുരുതരാവസ്ഥയിലാണെങ്കിലും പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ചില പരിശോധനാഫലങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും വൃക്കയുടെ പ്രവർത്തനക്ഷമതയിലുണ്ടായിട്ടുള്ള നേരിയ കുറവ് ആശങ്കാജനകമല്ലെന്നും ഓക്സിജൻ നൽകുന്നത് തുടരുന്നുണ്ടെങ്കിലും അളവിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഫെബ്രുവരി 24 തിങ്കളാഴ്ച രാവിലെ പാപ്പ വിശുദ്ധ കുർബാന സ്വീകരിക്കുകയും ഉച്ചകഴിഞ്ഞ് ഔദ്യോഗിക കൃത്യങ്ങളിലേക്കു കടക്കുകയും ചെയ്തുവെന്നും തന്റെ ആരോഗ്യത്തിനായി പ്രാർഥിച്ച ദൈവജനത്തിന് മുഴുവനും നന്ദിപറയുന്നുവെന്നും പത്രക്കുറിപ്പിൽ വെളിപ്പെടുത്തുന്നു.
ശ്വാസനാള വീക്കത്തെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ഫെബ്രുവരി 14 വെള്ളിയാഴ്ച, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പയ്ക്ക് പിന്നീട് ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തുകയും തുടർന്ന് വൈദ്യസംഘം ചികിത്സയിൽ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ ശക്തികൂടിയ മരുന്നുകളടങ്ങിയ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് പാപ്പയ്ക്ക് ശ്വാസതടസ്സം ഉണ്ടാകുകയും ഓക്സിജൻ നൽകിത്തുടങ്ങുകയും ചെയ്തത്.