Thursday, January 23, 2025

യുക്രൈന്‍ നഗരമായ മരിയുപോളില്‍ നിന്ന് 200 ലേറെ മൃതദേഹങ്ങള്‍ കണ്ടെത്തി

കനത്ത റഷ്യന്‍ ആക്രമണം നടന്ന യുക്രൈന്‍ നഗരമായ മരിയുപോളില്‍ നിന്ന് 200 ലേറെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബോംബിങ്ങില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ജീര്‍ണിച്ചു തുടങ്ങിയ ശരീരങ്ങള്‍ ലഭിച്ചതെന്ന് മേയര്‍ പെട്രോ ആന്‍ഡ്രു ഷെങ്കോ അറിയിച്ചു. റഷ്യന്‍ അധിനിവേശത്തില്‍ ഏറ്റവും കനത്ത ബോംബിങ് നടന്ന പട്ടണങ്ങളിലൊന്നാണ് മരിയുപോള്‍.

ഇതിനിടെ റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ചിരിക്കുകയാണ്‌യുക്രൈന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിഗണിക്കാതെ തീരുമാനം എടുക്കാനാകുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു.

പ്രസിഡന്റിനോട് അല്ലാതെ റഷ്യന്‍ ഫെഡറേഷനിലെ ആരുമായും താന്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സെലന്‍സ്‌കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുക. ഈ ഒരു കാര്യത്തില്‍ മാത്രം ചര്‍ച്ചയാകാം. യോഗത്തിന് ഇതല്ലാതെ മറ്റൊരു കാരണങ്ങളുമില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാധാരണക്കാര്‍ക്കുനേരെ റഷ്യയുടെ നടപടികളുടെ പശ്ചാത്തലത്തില്‍ ഏതുതരം ചര്‍ച്ചകളും ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Latest News