ഏറ്റവും ചെറിയ കാര്യങ്ങളിലും ദൈവസാന്നിധ്യത്തിന്റെ ഗന്ധം തിരിച്ചറിയാൻ വിശ്വാസികളെ ക്ഷണിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനഗ്രന്ഥം പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് പുറത്തിറക്കി. യേശുവിന്റെ സമർപ്പണത്തെക്കുറിച്ചുള്ള സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വ്യാഖ്യാനത്തോടെയാണ് മാർപാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്.
“ചെറുതും പ്രതികരിക്കാൻ കഴിവില്ലാത്തതുമായ ഒരു കുട്ടിയെ ശിമയോൻ തന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുമ്പോൾ ആശ്വാസവും തന്റെ നിലനിൽപിന്റെ പൂർണ്ണതയും കണ്ടെത്താൻ ശിമയോനു കഴിയുന്നു. ദൈവാലയത്തിൽ, പരിശുദ്ധാത്മാവ് ഒരു വൃദ്ധന്റെ ഹൃദയത്തോടു സംസാരിക്കുന്നു. ശിമയോൻ, കാത്തിരിക്കാനും പ്രത്യാശിക്കാനും തയ്യാറായി. ദൈവം ഇസ്രായേലിന് പ്രവാചകന്മാരിലൂടെ നൽകിയ വാഗ്ദാനങ്ങളുടെ പൂർത്തീകരണം അപ്പോൾ സംജാതമായി” – മാർപാപ്പ പങ്കുവച്ചു.
“ബലഹീനമായ തന്റെ കൈകളിൽ വിശ്രമിക്കുന്ന ഈ കുട്ടിയെ ശിമയോൻ ആശ്ലേഷിക്കുന്നു. എന്നാൽ യഥാർഥത്തിൽ ഉണ്ണീശോയെ ആലിംഗനം ചെയ്യുന്നതിൽ ആശ്വാസവും അസ്തിത്വത്തിന്റെ പൂർണ്ണതയും കണ്ടെത്തുന്നത് ശിമയോനാണ്” – പരിശുദ്ധ പിതാവ് പറഞ്ഞു.