ഇന്ന് ഡിവിഷൻ ബെഞ്ചിനു മുമ്പിൽ അഡ്വക്കേറ്റ് ജനറൽ എന്തു നിലപാടെടുക്കും എന്ന് വീക്ഷിക്കുകയാണ് മുനമ്പംകാർ. കരമടയ്ക്കലിനെ സംബന്ധിച്ച് ഭൂസംരക്ഷണ സമരസമിതി കൺവീനർ ശ്രീ. ജോസഫ് ബെന്നി നല്കിയ പരാതിയിന്മേലാണ് ഇന്ന് വാദം നടക്കുന്നത്.
സർക്കാരിന്റെ ചതി
റവന്യൂ ഡിപ്പാർട്ടുമെന്റിനെ സംബന്ധിച്ച് മുനമ്പത്തെ ജനത്തിന്റെ രേഖകളെല്ലാം സാധുവാണ്. പിന്നെ എന്തിന്റെ വെളിച്ചത്തിലും ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലുമാണ് ഡിപ്പാർട്ടുമെന്റ് മുനമ്പംകാർക്കെതിരേ ഉപരോധം ഏർപ്പെടുത്തിയത്? സിവിൽ കോടതിയിലൂടെ നടത്തേണ്ടിയിരുന്ന നീക്കങ്ങൾ ഒഴിവാക്കി ഏറാൻ മൂളികളായ റവന്യൂ ഉദ്യോഗസ്ഥരിലൂടെ വഖഫ് ബോർഡ് നടത്തിയ അധിനിവേശത്തിനും തത്ഫലമായി ഒരു ജനത കടന്നുപോകുന്ന ദുരിതപർവത്തിനും ഉത്തരവാദി ആരാണ്?
കഴിഞ്ഞ മൂന്നു വർഷത്തോളമായി മുനമ്പം നിവാസികൾ റവന്യൂ അറസ്റ്റിൽ ആയിരിക്കുന്നതിന്റെ ഒടുവിലത്തെ കാരണം സർക്കാർ ഉദ്യോഗസ്ഥർ വഖഫ് ബോർഡിനു മുന്നിൽ കവാത്തു മറന്നു എന്നതാണ്! ഇതിൽ മുഖ്യപങ്കു വഹിച്ചത് റവന്യൂ അധികാരിയായിരുന്ന അന്നത്തെ എറണാകുളം കളക്ടറായിരുന്നു. ശ്രീ. ജാഫർ മാലിക്കിന്റെ നിയമനത്തിന്റെ ഏകലക്ഷ്യം മുനമ്പത്തെ ജനത്തെ ദുരിതത്തിലാഴ്ത്താൻ വഖഫ് ബോർഡിനെ സഹായിക്കുക എന്നതായിരുന്നോ എന്നു സംശയിക്കുന്നവരുമുണ്ട്. 2021 ജൂലൈ 13-ാം തീയതി ചാർജെടുത്ത അദ്ദേഹം കൃത്യം ആറു മാസം പൂർത്തിയാക്കിയ 2022 ജനുവരി 13-ാം തീയതിയാണ് വഖഫ് ബോർഡ് CEO മുനമ്പം വിഷയത്തിൽ റവന്യൂ ഡിപ്പാർട്ട്മെന്റിന് നോട്ടീസ് അയച്ചത്. ശ്രദ്ധേയമായ കാര്യം, കേരളം കോവിഡു ദുരന്തത്തിലൂടെ കടന്നുപോകുന്ന കാലമായിരുന്നു അത് എന്നതാണ് (2022 ഏപ്രിൽ മാസത്തിലാണ് സംസ്ഥാന സർക്കാർ കോവിഡ് പ്രതിദിന കേസുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചത്)! വഖഫ് കോവിഡ് മൂലമുള്ള മുനമ്പംകാരുടെ ഐസൊലേഷൻ അങ്ങനെ അവർ നേരിട്ട് അനുഭവിക്കാൻ തുടങ്ങി. ജാഫർ മാലിക്കാകട്ടെ, ജൂലൈ 22ന് സ്ഥലം മാറിപ്പോവുകയും ചെയ്തു.
വഖഫ് ബോർഡ് CEO ശ്രീ. ജമാലിൻ്റെ കല്പന ശിരസ്സാവഹിച്ച് മുനമ്പംകാരുടെ റവന്യൂ അവകാശങ്ങൾ തടയുന്ന പ്രക്രിയ നടപ്പിലാക്കാൻ തിടുക്കം കൂട്ടിയത് കൊച്ചി താലൂക്ക് തഹസിൽദാർ ശ്രീ. ബെന്നി സെബാസ്റ്റ്യനായിരുന്നു!
സർക്കാരിനു രക്ഷപ്പെടാൻ ഒരു കച്ചിത്തുരുമ്പ്
തങ്ങൾക്കു പറ്റിയ അബദ്ധം താല്ക്കാലികമായെങ്കിലും പരിഹരിക്കാൻ സർക്കാരിന്റെ പക്കൽ ഒരു മരുന്നുണ്ട്. 2024 ഡിസംബർ 16-ാം തീയതി ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ഇറങ്ങിയ ഉത്തരവാണത്. “ഒരു സിവിൽ കോടതിയുടെ ഉത്തരവിലൂടെ അറിയിക്കുന്ന അറ്റാച്ച്മെന്റ് അല്ലാതെ ആർബിട്രൽ ട്രിബ്യൂണൽ നേരിട്ട് അറിയിക്കുന്ന അറ്റാച്ച്മെന്റ് ഓർഡർ രേഖപ്പെടുത്തരുത്” എന്ന മുൻ ഉത്തരവ് അനുസ്മരിപ്പിച്ചു കൊണ്ടുള്ള ഈ സർക്കാർ ഉത്തരവ് നല്കുന്ന ധ്വനി വഖഫ് ബോർഡിന്റയോ ട്രിബ്യൂണലുകളുടെയോ കല്പനകൾ നേരിട്ടു ഫയലിൽ സ്വീകരിക്കുകയോ നടപ്പിലാക്കുകയോ ചെയ്യേണ്ട ബാധ്യത റവന്യൂ വകുപ്പിനില്ല എന്നതാണ്.
സർക്കാർ നഷ്ടപരിഹാരം നല്കേണ്ടി വരും
കഴിഞ്ഞ മൂന്നു വർഷമായി മുനമ്പംകാരെ അന്യായമായി റവന്യൂ തടവിലാക്കിയ റവന്യൂ ഡിപ്പാർട്ടുമെന്റിനെതിരേയും ഉദ്യോഗസ്ഥർക്കെതിരേയും നിയമനടപടികളിലേക്കു നീങ്ങാൻ മുനമ്പംകാർക്ക് അധികം വൈകാതെ കഴിയും. ഭേദഗതി ബിൽ പാസ്സാകുന്നതോടെ റവന്യൂ തടങ്കലിൽ നിന്നു സ്വതന്ത്രരാകുന്ന മുനമ്പംകാരുടെ അടുത്ത യുദ്ധം സർക്കാർ വകുപ്പിന്റെ കടുത്ത അന്യായത്തിനെതിരായിരിക്കും, തീർച്ച! ബുദ്ധിപൂർവം നീങ്ങിയാൽ സർക്കാരിനു കൊള്ളാം.
ഫാ. ജോഷി മയ്യാറ്റിൽ