ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനും പാപ്പ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനുംവേണ്ടി കൊളംബോയിലെ ബുദ്ധക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തി സന്യാസിമാർ. പൂജയ്ക്കും പ്രാർഥനയ്ക്കുമിടയിൽ സന്യാസിമാർ ബുദ്ധന്റെ പ്രതിമയ്ക്കുമുന്നിൽ കുമ്പിട്ട് അനുഗ്രഹം ചോദിക്കുകയും പൂക്കൾ, ഭക്ഷണം, വെള്ളം, മറ്റ് വഴിപാടുകൾ എന്നിവ സമർപ്പിക്കുകയും ചെയ്തു.
കൊളംബോയിലെ മഹാബോധി ബുദ്ധസമൂഹത്തിന്റെ അഗ്രശ്രാവക ക്ഷേത്രത്തിൽ ദിവസങ്ങൾക്കുമുമ്പു നടന്ന ചടങ്ങിൽ ശ്രീലങ്കയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ കമ്മ്യൂണിക്കേഷൻസ് ഓഫീസ് മേധാവി ഫാ. ജൂഡ് കൃശാന്ത ഫെർണാണ്ടോയും മറ്റു രണ്ട് കത്തോലിക്കരും പങ്കെടുത്തു. സന്യാസിമാർ, ബുദ്ധന് പൂക്കളും പാനീയങ്ങളും അർപ്പിക്കുകയും അവരുടെ വിശ്വാസഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ പാരായണം ചെയ്യുകയും ചെയ്തു. ഫ്രാൻസിസ് മാർപാപ്പ ഈ മഠം സന്ദർശിക്കുന്ന ഒരു ചിത്രം അവരുടെ മുൻപിൽ ഉണ്ടായിരുന്നുവെന്ന് ഫാ. ക്രിശാന്ത ഫെർണാണ്ടോ നൽകിയ അഭിമുഖത്തിൽ പറയുന്നു.
“ബുദ്ധമത സന്യാസിമാരും വിശ്വാസികളും മാർപാപ്പയ്ക്കുവേണ്ടി ധ്യാനിക്കാനും പ്രാർഥിക്കാനും ഒത്തുകൂടി. വളരെ ഹൃദയസ്പർശിയായ നിമിഷമായിരുന്നു അത്. 2015 ലെ ശ്രീലങ്കൻ സന്ദർശനവേളയിൽ മാർപാപ്പ സന്ദർശിച്ച ക്ഷേത്രമായിരുന്നു അത്. ഞങ്ങളുടെ ബുദ്ധമത സുഹൃത്തുക്കളുടെ ഈ പ്രവർത്തി ഞങ്ങളെ വളരെയധികം സ്പർശിച്ചു” – കത്തോലിക്കാ പുരോഹിതൻ പറയുന്നു.