Sunday, April 20, 2025

നിഗൂഢതകൾ നിറഞ്ഞ പാക്കിസ്ഥാനിലെ ഏറ്റവും പുതിയ എയർപോർട്ട്

യാത്രക്കാരോ, വിമാനങ്ങളോ ഇല്ലാതെ പാക്കിസ്ഥാനിലെ ഏറ്റവും പുതിയതും ചെലവേറിയതുമായ വിമാനത്താവളം നിഗൂഢമായി തുടരുന്നു. ചൈനയുടെ പൂർണ്ണ ധനസഹായത്തോടെ നിർമ്മിച്ച ഈ എയർപോർട്ടിന് 240 മില്യൺ ഡോളർ ചിലവായി. ന്യൂ ഗ്വാദർ എന്നറിയപ്പെടുന്ന ഈ അന്താരാഷ്ട്ര വിമാനത്താവളം എപ്പോൾ തുറക്കുമെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

തീരദേശ നഗരമായ ഗ്വാദറിൽ സ്ഥിതിചെയ്യുന്നതും 2024 ഒക്ടോബറിൽ പൂർത്തിയായതുമായ ഈ വിമാനത്താവളം, ദരിദ്രവും അസ്വസ്ഥവുമായ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയുടെ യഥാർഥ അവസ്ഥയിൽനിന്ന്  തികച്ചും വ്യത്യസ്തമാണ്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി, ചൈന തങ്ങളുടെ പടിഞ്ഞാറൻ സിൻജിയാങ് പ്രവിശ്യയെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി എന്ന് വിളിക്കപ്പെടുന്ന ഇവിടേക്ക് ഈ പദ്ധതിക്കായി ധാരാളം പണം ഒഴുക്കിയിട്ടുണ്ട്. എങ്കിലും ഇവിടെ വലിയ മാറ്റങ്ങളൊന്നുമില്ല. നഗരം ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുമില്ല. അയൽരാജ്യമായ ഇറാനിൽനിന്നും സോളാർ പാനലുകളിൽനിന്നും വൈദ്യുതി വരുന്ന ഇവിടെ ആവശ്യത്തിന് ശുദ്ധജലവുമില്ല.

ആകെ 90,000 ആളുകൾ മാത്രമുള്ള ഇവിടുത്തെ എയർപോർട്ടിന് നാലുലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നതും കൂടുതൽ നിഗൂഢത നൽകുന്നുണ്ട്. “ഈ വിമാനത്താവളം പാക്കിസ്ഥാനോ, ഗ്വാദറിനോ വേണ്ടിയുള്ളതല്ല” – പാക്കിസ്ഥാൻ-ചൈന ബന്ധങ്ങളിൽ വൈദഗ്ധ്യം നേടിയ അന്താരാഷ്ട്ര നയതന്ത്രജ്ഞ വിദഗ്ധനായ അസീം ഖാലിദ് പറഞ്ഞു. “ഇത് ചൈനയ്ക്കുള്ളതാണ്. അതിനാൽ അവർക്ക് അവരുടെ പൗരന്മാർക്ക് ഗ്വാദറിലേക്കും ബലൂചിസ്ഥാനിലേക്കും സുരക്ഷിതമായി പ്രവേശനം ലഭിക്കും” – അദ്ദേഹം കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനിലെ വംശീയ ബലൂച് ന്യൂനപക്ഷത്തിലെ അംഗങ്ങൾ സർക്കാരിൽനിന്ന് വിവേചനം നേരിടുന്നുവെന്നും രാജ്യത്തിന്റെ മറ്റിടങ്ങളിൽ ലഭ്യമായ അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും പറയുന്നു; എന്നാൽ സർക്കാർ അത് നിഷേധിക്കുന്നുമുണ്ട്.

ചൈനയുടെ നിക്ഷേപങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന പാക്കിസ്ഥാൻ, വിയോജിപ്പുകളെ ചെറുക്കുന്നതിനായി ഗ്വാദറിൽ സൈനികസാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകൾ, മുള്ളുവേലികൾ, സൈനികർ, ബാരിക്കേഡുകൾ, വാച്ച് ടവറുകൾ എന്നിവയുടെ ഒരു കലവറയാണ് നഗരം. ചൈനീസ് തൊഴിലാളികളുടെയും പാക്കിസ്ഥാൻ വി ഐ പി കളുടെയും സുരക്ഷിതമായ കടന്നുപോകൽ അനുവദിക്കുന്നതിനായി ആഴ്ചയിൽ പല ദിവസങ്ങളിലും ഇവിടുത്തെ റോഡുകൾ അടച്ചിടുന്നു. കൂടാതെ, ഗ്വാദർ സന്ദർശിക്കുന്ന മാധ്യമപ്രവർത്തകരെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുമുണ്ട്.

Latest News