രാജ്യത്തെ ഏറ്റവും ഭീകരമായ ട്രെയിനപകടത്തിന്റെ രണ്ടാം വാർഷികത്തിൽ ലക്ഷക്കണക്കിന് ഗ്രീക്കുകാർ പണിമുടക്കുകയും രാജ്യവ്യാപകമായി പ്രകടനങ്ങൾ നടത്തി തെരുവിലിറങ്ങുകയും ചെയ്തു. വെള്ളിയാഴ്ച ഏഥൻസിൽ പ്രതിഷേധക്കാർ പെട്രോൾ ബോംബുകൾ എറിയുകയും ചവറ്റുകുട്ടകൾക്ക് തീയിടുകയും ചെയ്തു.
2023 ഫെബ്രുവരി 28 ന് മധ്യ ഗ്രീസിൽ വിദ്യാർഥികളുമായിപ്പോയ ഒരു പാസഞ്ചർ ട്രെയിൻ ഒരു ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 57 പേർ മരിച്ചതിന്റെ രണ്ടാം വാർഷികത്തിലാണ് ഇത്തരത്തിലൊരു പ്രക്ഷോഭം ഉണ്ടായത്. അപകടത്തിനുമുമ്പുള്ള ദശകങ്ങളിലും അതിനുശേഷമുള്ള രണ്ടു വർഷങ്ങളിലും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളോടുള്ള അവഗണനയുടെ വേദനാജനകമായ പ്രതീകമായി ഈ അപകടം മാറിയിരിക്കുന്നതിനുള്ള പ്രതിഷേധമായിരുന്നു ഇന്നലെ ഗ്രീസിൽ കണ്ടത്.
വർഷങ്ങളായി ഗ്രീസിൽ നടന്നുവരുന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായ ഈ പ്രക്ഷോഭത്തിൽ പൊതുസേവനങ്ങളും നിരവധി സ്വകാര്യ ബിസിനസുകളും സ്തംഭിച്ചു. ദുരന്തത്തിൽ സംസ്ഥാനത്തിന്റെ പങ്കിനെക്കുറിച്ച് അവർ പറയുന്നതിനെതിരെ, ഭരണകൂടത്തെ ‘കൊലപാതകികൾ’ എന്ന് ആക്രോശിച്ചുകൊണ്ട് ആളുകൾ നഗരങ്ങളിലെയും പട്ടണങ്ങളിലെയും തെരുവുകളിലേക്ക് ഒഴുകിയെത്തി.
ഏഥൻസിൽ മുഖംമൂടി ധരിച്ച ഒരു കൂട്ടം യുവാക്കൾ പൊലീസിനുനേരെ പെട്രോൾ ബോംബുകൾ എറിയുകയും പാർലമെന്റ് മന്ദിരത്തിന്റെ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. അതേസമയം കലാപകാരികൾ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഗ്രീസിലെ രണ്ടാമത്തെ നഗരമായ തെസ്സലോനികിയിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അവിടെ ഒരു വലിയ ജനക്കൂട്ടം ഉണ്ടാകുകയും മരിച്ചവരുടെ സ്മരണയ്ക്കായി ആളുകൾ കറുത്ത ബലൂണുകൾ ആകാശത്തേക്ക് എറിയുകയും ചെയ്തു. ഏഥൻസിൽ മാത്രം എൺപതിലധികം പേരെ കസ്റ്റഡിയിലെടുക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.