ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള ചമോലി ജില്ലയിലെ മന ഗ്രാമത്തിലുണ്ടായ ഹിമപാതത്തിൽ 57 തൊഴിലാളികൾ കുടുങ്ങിക്കിടന്നതിൽ ഇതുവരെ 32 പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. 25 തൊഴിലാളികളെക്കൂടി പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കനത്ത മഞ്ഞുവീഴ്ച മൂലം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്കെത്താൻ ബുദ്ധിമുട്ടാണെന്നും രക്ഷാപ്രവർത്തകർ പറയുന്നു.
വർഷംതോറും ലക്ഷക്കണക്കിന് ഭക്തർ സന്ദർശിക്കുന്ന പ്രശസ്തമായ ബദരീനാഥിലെ ഹിന്ദുക്ഷേത്രത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. മൂന്ന് ആംബുലൻസുകളെങ്കിലും സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ആർ മീന മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ മഴയും മഞ്ഞുവീഴ്ചയും കാരണം ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. “സാറ്റലൈറ്റ് ഫോണുകളും അത്തരം മറ്റ് ഉപകരണങ്ങളും അവിടെ ലഭ്യമല്ലാത്തതിനാൽ ഞങ്ങൾക്ക് അവരുമായി വ്യക്തമായ ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ല” – ചമോലി ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആളപായത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.