Tuesday, March 4, 2025

ഡി ആർ കോംഗോ സംഘർഷം: വിമതരുടെ കൊള്ളയെ തുടർന്ന് 500 എംപോക്സ് രോഗികൾ ആശുപത്രിയിൽനിന്നും ഓടിപ്പോയി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സംഘർഷത്തെ തുടർന്ന് ജനുവരി അവസാനം ആശുപത്രിയിൽനിന്നും ഓടിപ്പോയ 128 രോഗികളെ കണ്ടെത്താൻ ഗോമയിലെ മുഗുങ്ക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ വിമതർ കൊള്ള നടത്തിയതിനു പിന്നാലെയാണ് രോഗികളുടെ പലായനം.

കഴിഞ്ഞ വർഷം ഡി ആർ കോംഗോയിൽ 900 പേർ മരിക്കാനിടയാക്കിയതെന്നു  സംശയിക്കുന്ന ഈ പകർച്ചവ്യാധി, കാണാതായ രോഗികൾവഴി മറ്റുള്ളവരിലേക്കും പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ ഏജൻസിയായ ആഫ്രിക്ക സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സി ഡി സി) ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ റുവാണ്ടയുടെ പിന്തുണയുള്ള എം 23 വിമതർ പിടിച്ചെടുത്തതോടെ കുഴപ്പത്തിലായ രണ്ടു നഗരങ്ങളായ ഗോമയിലെയും ബുക്കാവിലെയും ക്ലിനിക്കുകളിൽ നിന്നാണ് രോഗികൾ ഓടിപ്പോയത്.

“ഞങ്ങളെ കൊള്ളയടിക്കപ്പെട്ടു. ഞങ്ങളുടെ ഉപകരണങ്ങൾ നഷ്ടപ്പെട്ടു. അതൊരു ദുരന്തമായിരുന്നു” – ഗോമയിലെ ഒരു ക്ലിനിക്കിന്റെ ചുമതലയുള്ള ഡോ. സാമുവൽ മുഹിന്ദോ ബി ബി സി യോടു പറഞ്ഞു. ആഫ്രിക്ക സി ഡി സി യുടെ കണക്കനുസരിച്ച്, ഈ വർഷം തുടക്കം മുതൽ രാജ്യത്ത് ഏകദേശം 2,890 എംപോക്സ് കേസുകളും 180 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്ലിനിക്കിലെ രേഖകൾ നശിച്ചതിനാൽ തന്റെ ആരോഗ്യപ്രവർത്തകർക്ക് ഓടിപ്പോയ രോഗികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡോ. സാമുവൽ പറഞ്ഞു. “ഇപ്പോൾ കുടിയിറക്കപ്പെട്ട ആളുകൾ തിരിച്ചെത്തിയ പ്രദേശങ്ങളിൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗോമയിലെ എംപോക്സ് ചികിത്സിക്കുന്ന ഒരു ആശുപത്രിയായ ബിസെൻഗിമാനയിൽ, കൊള്ളക്കാർ മരുന്നുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News