ഒരുകാലത്ത് ചൈനീസ് നെല്ലിക്ക എന്നു വിളിക്കപ്പെട്ടിരുന്ന കിവി, ഗണ്യമായ പോഷകഗുണങ്ങളുള്ള ചെറിയ ഒരു പഴമാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ കുന്നിൻചെരിവുകളിൽ നിന്നുള്ള കിവി ഇപ്പോൾ ലോകത്തിലെ പല പ്രദേശങ്ങളിലും വളരുന്ന ഒരു ജനപ്രിയ പഴമാണ്. ന്യൂസിലാൻഡിലെ പഴങ്ങൾ കയറ്റുമതി ചെയ്യുന്നവരിൽനിന്നാണ് ഇതിന് ഈ പേര് ലഭിച്ചതെന്നാണ് വിശ്വാസം. കാഴ്ചയിലെ സമാനതകൾ അടിസ്ഥാനമാക്കി അവർ, പറക്കാത്ത കിവി പക്ഷിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത് എന്നതാണ് ഇതിനു പിന്നിലെ കഥയും കാര്യവും.
നിരവധി കിവി ഇനങ്ങളുണ്ട്. എന്നാൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രണ്ട് കിവികൾ ആക്ടിനിഡിയ ഡെലിസിയോസ, ആക്ടിനിഡിയ ചിനെൻസിസ് എന്നീ ശാസ്ത്രീയനാമങ്ങളിൽ അറിയപ്പെടുന്നു. കടകളിൽ പലപ്പോഴും ലഭ്യമാകുന്ന ഒരു സാധാരണ പച്ച കിവിയാണ് ആക്ടിനിഡിയ ഡെലിസിയോസ. എന്നിരുന്നാലും, ഏതുതരം കിവി ആയാലും, അവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ദഹനം, ഹൃദയം, കണ്ണ് എന്നിവയുടെ ആരോഗ്യത്തിന് ഉത്തമമമാണ്.
ദഹനം സുഗമമാക്കുന്നു
കിവികളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയിൽ തുടങ്ങി പലതലങ്ങളിലും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ലയിക്കുന്ന നാരുകൾ ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. അതേസമയം ലയിക്കാത്ത നാരുകൾ മലബന്ധം ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു. കൂടാതെ, ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോമിന് നിരവധി ആരോഗ്യലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ കഴിയും.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടം
ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യാവശ്യമായ ശക്തമായ ആന്റി ഓക്‌സിഡന്റായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കിവി. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശത്തിൽനിന്ന് ശരീരത്തെ സംരക്ഷിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു. ഒരു കിവിയിൽനിന്ന് 64 മില്ലിഗ്രാം (mg) വിറ്റാമിൻ സി ലഭിക്കും. ഇത് പുരുഷന്മാർക്ക് ശുപാർശ ചെയ്യുന്ന അളവിന്റെ 71 ശതമാനവും സ്ത്രീകൾക്ക് 85 ശതമാനവുമാണ്.
ഹൃദയാരോഗ്യത്തിന്
പഴങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷണക്രമം ഹൃദയാരോഗ്യത്തെ പല സംവിധാനങ്ങളിലൂടെയും പിന്തുണയ്ക്കാൻ സഹായിക്കും. കിവിയും രക്തസമ്മർദവും തമ്മിൽ ബന്ധമുള്ളതായി പഠനം കണ്ടെത്തിയിട്ടുണ്ട്. ദിവസവും മൂന്ന് കിവി കഴിക്കുന്നവർക്ക് മറ്റ് പഴങ്ങൾ കഴിക്കുന്നവരെ അപേക്ഷിച്ച് കുറഞ്ഞ രക്തസമ്മർദം അനുഭവപ്പെടുന്നതായി കണ്ടെത്തി.
പതിവ് വ്യായാമത്തിനുപുറമേ, സമീകൃതാഹാരത്തിൽ കിവി ചേർക്കുന്നത് ആരോഗ്യകരമായ രക്തസമ്മർദനില നിലനിർത്താൻ സഹായിക്കും.
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താം
കിവികൾ കണ്ണിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും. അവയുടെ ശ്രദ്ധേയമായ പോഷകഘടന ഒപ്റ്റിമൽ കാഴ്ച നിലനിർത്താൻ സഹായിക്കുകയും മാക്യുലർ ഡീജനറേഷൻ, തിമിരം പോലുള്ള പ്രായവുമായി ബന്ധപ്പെട്ട നേത്രപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും. കിവിയിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ കരോട്ടിനോയിഡുകൾ കണ്ണിലെ ഓക്സീകരണം കുറയ്ക്കാൻ സഹായിക്കും.
കിവിയിൽ കാണപ്പെടുന്ന വിറ്റാമിൻ സി കണ്ണുകളുടെ ആരോഗ്യത്തിലും കണ്ണുകളുടെ ഘടനയിലും ഒരു പങ്കു വഹിക്കുന്നു. ഒരു ആന്റി ഓക്‌സിഡന്റ് എന്ന നിലയിൽ, ഇത് വീക്കം കുറയ്ക്കാനും മാക്യുലർ ഡീജനറേഷൻ പോലുള്ള സാധാരണ നേത്രപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിച്ചേക്കാം. എന്നിരുന്നാലും, വിറ്റാമിൻ സിയും കണ്ണുകളുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
രോഗപ്രതിരോധ സംവിധാനത്തിന് ശക്തമായ പോഷകമായ വിറ്റാമിൻ സി, രക്തം കട്ടപിടിക്കുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും അത്യാവശ്യമായ വിറ്റാമിൻ കെ എന്നിവയും കിവി പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരാശരി ആരോഗ്യമുള്ള വ്യക്തിക്ക് കിവി പഴങ്ങൾ പൊതുവെ സുരക്ഷിതമാണെന്നു കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, കിവി അലർജിയുള്ളവർക്ക് അവ ഗണ്യമായ അപകടസാധ്യതയും സൃഷ്ടിക്കുന്നു. പ്രധാന അലർജിയായ ആക്ടിനിഡിൻ ഉൾപ്പെടെ നിരവധി അലർജിയുടെ കാരണങ്ങൾ കിവിയിൽ അടങ്ങിയിട്ടുണ്ട്.