Monday, March 3, 2025

കുടുംബത്തിലെ മദ്യപാനം കുട്ടികളെ ബാധിക്കുമ്പോള്‍

കുറച്ചു വർഷങ്ങൾക്കു മുൻപ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു, മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവം. നാഗര്‍കോവില്‍ കുട്ടക്കാടി പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി ദമ്പതികളുടെ മകള്‍ സുഷ്വിക മോളാണ് മരിച്ചത്. സുരേന്ദ്രന്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം വഴക്കുണ്ടായപ്പോള്‍ ഭയന്ന് സുഷ്വികയും സഹോദരന്മാരായ സുഷ്വിനും സുജിലിനും സമീപത്തുള്ള റബര്‍ തോട്ടത്തിലേക്ക് ഓടിപ്പോയി. കുറച്ചുകഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്വിക പാമ്പു കടിച്ചെന്ന് പറഞ്ഞു. അയല്‍വാസികള്‍ ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഈ സംഭവത്തിന്‌ രണ്ടാഴ്ച മുമ്പ് മദ്യപാനം ചോദ്യം ചെയ്ത രണ്ടു പെണ്‍മക്കളെ അവരുടെ പിതാവ് അടിച്ചുകൊന്ന വാര്‍ത്തയും ഏവരെയും നടുക്കിയിരുന്നു.

എല്ലാം കള്ളിന്റെ പുറത്ത്

‘അമ്മേ അച്ഛന്‍ വരുന്നു…’ പേടിച്ചരണ്ട ഒരു നിലവിളിയോടെ അച്ഛന്റെ വരവ് അമ്മയെ അറിയിക്കുന്ന മക്കള്‍. നിശ്ശബ്ദമായ ആ വീട്ടില്‍ ഒരേ ഒരു വ്യക്തിയുടെ അട്ടഹാസങ്ങളും ചിലരുടെ ദീനരോദനങ്ങളും. മദ്യപിച്ചു ബോധമില്ലാതെ അയാള്‍ കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികളില്‍ മനംനൊന്ത് ആ അമ്മയും മക്കളും. അവരുടെ മനസ്സിനേല്‍ക്കുന്ന ആഴമേറിയ മുറിവുകള്‍ അയാള്‍ അറിയുന്നേയില്ല.

ഒരു മദ്യപാനിയുടെ വീട്ടിലെ സ്ഥിരം സായാഹ്നം. ഒരു മദ്യപാനിയും ചിന്തിക്കുന്നില്ല ഈ ദുശ്ശീലത്തിലൂടെ തന്റെ ഭാര്യയുടെ, മക്കളുടെ ജീവിതം എത്രമാത്രം വ്രണപ്പെട്ടിട്ടുണ്ടെന്ന്. അവന്‍ ചെയ്യുന്ന എല്ലാം തെറ്റുകള്‍ക്കും ബോധം വരുമ്പോള്‍ അവനുണ്ട് ഒരു മറുപടി, ‘എല്ലാം കള്ളിന്റെ പുറത്തു പറ്റിയതാണ്’ എന്ന്.

മദ്യപാനം ഒരു കുടുംബത്തിന്റെ രോഗം

ലക്ഷോപലക്ഷം കുടുംബങ്ങളെ തോരാത്ത കണ്ണീരിലേക്കും നിത്യദാരിദ്ര്യത്തിലേക്കും നരകജീവിതത്തിലേക്കും മദ്യപാനം തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മദ്യം സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു. മദ്യപാനം ഒരു വ്യക്തിയുടെ മാത്രം രോഗമല്ല, ഒരു കുടുംബത്തിന്റെ രോഗമാണ്. മദ്യപാനിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും ശാരീരികമായും മാനസികമായും പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു.

കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ മുഖ്യപ്രേരണ മദ്യമാണ്. മേല്‍ സൂചിപ്പിച്ച വാര്‍ത്തകള്‍പോലെ പലപ്പോഴും മാതാപിതാക്കളുടെ മദ്യപാനംമൂലം കുട്ടികള്‍ക്ക് ജീവന്‍പോലും ബലി നല്‍കേണ്ടിവരുന്നു. കുടുംബകലഹങ്ങളില്‍ 85% ഗൃഹനാഥന്റെ മദ്യപാനം മൂലമാണ്; 30% വിവാഹമോചനത്തിന്റെ കാരണവും മദ്യപാനം തന്നെ. മാതാപിതാക്കളുടെ മദ്യപാനശീലം കുട്ടികളുടെ വ്യക്തിവികാസത്തെ കാര്യമായി ബാധിക്കുന്നു. ശൈശവത്തിലെയോ, ബാല്യകാലത്തിലെയോ സന്തോഷങ്ങള്‍ അവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കാതെവരുന്നു.

വികലമായ വ്യക്തിത്വമുള്ളവര്‍ക്കും ഭാവിയില്‍ ലഹരിശീലത്തിന് അടിമകളാകാമെന്ന് ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മദ്യപാനം ഒരു പാരമ്പര്യരോഗമാണ്. കുട്ടികള്‍ക്ക് ശരിയായ റോള്‍ മോഡല്‍ മദ്യപാനിയായ അച്ഛന്മാരില്‍നിന്നു ലഭിക്കുന്നില്ല. മദ്യപാനിയുടെ കുടുംബത്തില്‍ ഭാര്യയെപ്പോലെ തന്നെ മക്കളും മാനഹാനിയും മനഃക്ലേശവും അനുഭവിക്കേണ്ടിവരുന്നു. കാരണം, അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടിയിട്ടുണ്ടാവാം. തമ്മില്‍ അടുക്കാത്തവിധം അവര്‍ അകന്നിട്ടുണ്ടാവാം, ജോലി നഷ്ടപ്പെട്ടിട്ടുണ്ടാവാം. കുട്ടികളുടെ പഠനം അവസാനിപ്പിച്ച് അവര്‍ കൂലിവേലയ്ക്കു പോയിത്തുടങ്ങിയിട്ടുണ്ടാവാം. മാത്രമല്ല, മദ്യപരുടെ കുട്ടികള്‍ക്ക് സ്‌നേഹവും വത്സല്യവും കിട്ടാതെ വൈകാരിക മുരടിപ്പ് അനുഭവപ്പെടാം. ആരെയും സ്‌നേഹിക്കാനോ, വിശ്വസിക്കാനോ അവര്‍ക്ക് കഴിയുന്നില്ല. മതാപിതാക്കളോടും അധികാരികളോടും പകയും പ്രതികാരമനോഭാവവുമാണ് ഇവരില്‍ രൂപപ്പെടുക. കുട്ടികള്‍ സാധാരണ കുടുംബത്തില്‍ സംരക്ഷണം പ്രതീക്ഷിക്കുന്നു. എന്നാല്‍ മദ്യപാനിയുടെ കുട്ടികള്‍ കുടുംബത്തില്‍ സ്വരക്ഷയ്ക്കുവേണ്ടി പല കാര്യങ്ങളും സ്വയം ഏറ്റെടുക്കുന്നു.

മാതാപിതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറി കാണുന്നില്ലാത്തതിനാല്‍ ചില കുട്ടികള്‍ ഉത്തരവാദിത്വമുള്ള കുട്ടിയുടെ റോള്‍ ഏറ്റെടുക്കുന്നു. അതുകൊണ്ടുതന്നെ കുട്ടി കുടുംബത്തിലെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്തു ചെയ്യുന്നു. ചില കുട്ടികള്‍ തന്നിഷ്ടക്കാരനായി മാറുന്നു. ഏതു രീതിയിലായാലും ആ കുട്ടിക്ക് അവന്റെ നിഷ്‌കളങ്കബാല്യവും നല്ല കൂട്ടുകെട്ടുകളും നഷ്ടമാകുന്നു.

മദ്യാസക്തി ഒഴിവാക്കണം

സമൂഹം നേരിടുന്ന മുഖ്യവിപത്തും നാണക്കേടുമായ മദ്യാസക്തിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി ജനനന്മയെ ലക്ഷ്യംവയ്ക്കുന്ന മുഴുവന്‍ പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണം. അതിലൂടെ മദ്യത്തിനെതിരെയുള്ള ഒരു ബഹുജനമുന്നേറ്റമാണ് കാലഘട്ടത്തിന്റെ ആവശ്യം, പുതുതലമുറയുടെയും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News