വെള്ളിയാഴ്ച നടന്ന വൈറ്റ് ഹൗസ് മീറ്റിംഗിൽ ഡൊണാൾഡ് ട്രംപും ജെഡി വാൻസും പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയോടു നടത്തിയ പെരുമാറ്റത്തിൽ ഞെട്ടലും രോഷവും പ്രകടിപ്പിച്ച് യുക്രേനിയൻ ജനത. യുക്രൈന് കൂടുതൽ പിന്തുണ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിരുന്ന കൂടിക്കാഴ്ചയിൽ, ട്രംപും വാൻസും സെലെൻസ്‌കിയെ വിമർശിക്കുകയും അദ്ദേഹത്തിനെതിരെ ശബ്ദമുയർത്തുകയും ചെയ്‌തതോടെ ചർച്ച പെട്ടെന്ന് മറ്റൊരു അവസ്ഥയിലേക്ക് വഴിമാറിയിരുന്നു.
നിരവധി യുക്രേനിയക്കാർ തങ്ങളുടെ പ്രസിഡൻ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. “ഇതൊരു വൈകാരിക സംഭാഷണമായിരുന്നു. പക്ഷേ ഞങ്ങളുടെ പ്രസിഡൻ്റിനെ ഞാൻ മനസ്സിലാക്കുന്നു” – യുക്രേനിയൻ പൗരയായ യൂലിയ പറഞ്ഞു. “ഒരുപക്ഷേ അത് നയതന്ത്രപരമായിരുന്നില്ല. എന്നാൽ അത് ആത്മാർഥമായിരുന്നു. ഇത് ജീവിതത്തെക്കുറിച്ചാണ്. ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നു” – അവർ കൂട്ടിച്ചേർത്തു.
മറ്റുചിലർ ട്രംപിനോടും വാൻസിനോടും ദേഷ്യവും നിരാശയും പ്രകടിപ്പിച്ചു. ചിലർ, “യുക്രൈനോടും അവിടത്തെ ജനങ്ങളോടും അപരിചിതരും അനാദരവുള്ളവരുമാണ് അവർ” എന്ന് ആരോപിച്ചു. “അവർ യുക്‌റൈനിലെ ജനങ്ങളെ ബഹുമാനിക്കുന്നില്ല. വാഷിംഗ്ടൺ റഷ്യയെ പിന്തുണയ്ക്കുന്നതായി തോന്നുന്നു” – 30 കാരനായ യുക്രേനിയൻ പൗരൻ ആൻഡ്രി പറഞ്ഞു.
യുക്രൈന്റെ ഭാവിയെക്കുറിച്ചും യു എസുമായുള്ള ബന്ധത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ആശങ്കകൾ ഉയർന്നിട്ടുണ്ട്. ട്രംപിൻ്റെ പെരുമാറ്റം റഷ്യയെ ധൈര്യപ്പെടുത്തുമെന്നും സ്വയം പ്രതിരോധിക്കുന്നത് യുക്രൈന് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നും പല യുക്രേനിയക്കാരും ആശങ്കാകുലരാണ്. “യൂറോപ്പിലും കാനഡയിലും ഓസ്‌ട്രേലിയയിലും ജപ്പാനിലും ശക്തമായ സഖ്യകക്ഷികളെ കണ്ടെത്തേണ്ടതുണ്ട്. അവരെല്ലാം ഞങ്ങളെ പിന്തുണയ്ക്കുന്നു” – പ്രതിപക്ഷ എം പി ഇന്ന സോവ്‌സൺ പറഞ്ഞു.
മുന്നിലുള്ള വെല്ലുവിളികൾക്കിടയിലും, പല യുക്രേനിയക്കാരും തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ പ്രതീക്ഷയോടെയും ദൃഢനിശ്ചയത്തോടെയും തുടരുന്നു. “ഈ യുദ്ധം കിഴക്ക് ഏതെങ്കിലും പ്രദേശത്തിനോ, പട്ടണത്തിനോ, ട്രീലൈനിനോ വേണ്ടിയുള്ളതല്ല” – കം ബാക്ക് എലൈവ് ഫൗണ്ടേഷന്റെ തലവൻ താരാസ് ച്മുട്ട് പറഞ്ഞു. “ഇത് ഭാവിദശകങ്ങളിൽ ലോകക്രമത്തെ നിർവചിക്കുന്ന യുദ്ധമാണ്. ഈ ലോകം ഇപ്പോഴും നിലനിൽക്കുമോ എന്നത് ഈ യുദ്ധം എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു” – അദ്ദേഹം പറഞ്ഞു.