കിഴക്കൻ യുക്രൈനിലെ ഡൊണെറ്റ്സ്ക് മേഖലയിലാണ് റഷ്യൻ സൈന്യം കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത്. ഇവിടെ മുൻനിരയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ് യുക്രേനിയൻ പൊലീസ് രക്ഷാപ്രവർത്തകർ.
മൂന്നുവർഷത്തെ യുദ്ധം നേരിട്ടുകൊണ്ടിരിക്കുന്ന യുക്രൈന്റെ നാഷണൽ പൊലീസിലെ ‘വൈറ്റ് ഏഞ്ചൽസ്’ എന്ന വിഭാഗമാണ്, ജന്മനാട് വിട്ടുപോകാത്ത പരമാവധി താമസക്കാരെ രക്ഷിക്കാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിതി കൂടുതൽ ഗുരുതരമായതിനാൽ, ഒഴിപ്പിക്കൽ ആവശ്യമുള്ള പ്രദേശങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.
ഖനന നഗരമായ പോക്രോവ്സ്ക് ഇപ്പോൾ യുദ്ധത്തിലെ ഏറ്റവും തീവ്രമായ പോരാട്ടത്തിന്റെ സ്ഥലമാണ്. കൂടാതെ, ഇത് യുക്രേനിയൻ സൈന്യത്തിന്റെ ഒരു പ്രധാന ശക്തികേന്ദ്രവുമാണ്. രാജ്യത്തിനു പുറത്തുള്ള കുടുംബാംഗങ്ങൾപോലും ഈ പൊലീസ് സംഘത്തോട് യുക്രൈനിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ അഭ്യർഥിക്കുന്നുണ്ട്.
റഷ്യൻ സൈന്യം കൈവശപ്പെടുത്തിയ ഒരു പ്രദേശത്തുനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെ വൈദ്യുതിയോ, ഗ്യാസോ ഇല്ലാത്ത തണുത്തതും മങ്ങിയതുമായ ഒരു വീട്ടിൽ 78 വയസ്സുകാരായ ഒലീന യുറസോവയും ഭർത്താവും താമസിക്കുകയായിരുന്നു. ഇവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതിൻപ്രകാരമാണ് വൈറ്റ് ഏഞ്ചൽസ് എത്തിയത്. എന്നാൽ അവർ അവരുടെ ഭൂമി വിട്ടുപോകാൻ തയ്യാറല്ലായിരുന്നു. ഒടുവിൽ, ഒലീനയും ഭർത്താവും അവരോടൊപ്പം പോകാൻ സമ്മതിച്ചു.
യുദ്ധം തുടങ്ങുന്നതിനുമുമ്പ് ഏകദേശം 60,000 ജനസംഖ്യയുണ്ടായിരുന്ന പോക്രോവ്സ്കിൽ ഇപ്പോഴും ഏകദേശം 7000 പേർ അവശേഷിക്കുന്നുണ്ടെന്നു കരുതുന്നു. ശേഷിക്കുന്ന നിവാസികളിൽ പലരും പ്രായമായവരാണ്. “ഇപ്പോൾ അവർക്കുള്ളത് പോകാൻ ഒരിടമില്ലെന്ന ഭയമാണ്. മരിക്കാനുള്ള ഭയത്തെക്കാൾ ശക്തമാണ് അത്” – വൈറ്റ് ഏഞ്ചൽ പൊലീസ് പറഞ്ഞു. അപരിചിതമായ സ്ഥലത്ത് അനിശ്ചിതത്വത്തിൽ ജീവിക്കുന്നതിനെക്കാൾ മരണസാധ്യതയുണ്ടെങ്കിലും സ്വന്തം നാട്ടിൽതന്നെ ജീവിക്കാനാണ് പലരും ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ഡിസംബറിലാണ് വൈറ്റ് ഏഞ്ചൽസ് വകുപ്പ് രൂപീകരിച്ചത്. പ്രാദേശിക അടിസ്ഥാനത്തിലാണ് അവർ പ്രവർത്തിക്കുന്നത്. “ഡൊനെറ്റ്സ്ക് മേഖലയിൽ 25 അംഗങ്ങളാണുള്ളത്. ഇതുവരെ, ഏകദേശം പതിനായിരം പേരെ അവർ ഒഴിപ്പിച്ചു. റഷ്യൻ സൈന്യം ഈ മേഖലയിൽ ആക്രമണം ശക്തമാക്കിയ ഈ വർഷം തുടക്കം മുതൽ ഏകദേശം 30% പേരെ ഒഴിപ്പിച്ചു” – യുഡിൻ പറഞ്ഞു.
യുഡിന്റെ ജന്മനാടായ അവ്ദിവ്ക റഷ്യൻ ആക്രമണത്തിൽ നശിപ്പിക്കപ്പെടുകയും 2024 ഫെബ്രുവരിയിൽ നിലംപതിക്കുകയും ചെയ്തു. ജന്മനാടിനോടുള്ള അദ്ദേഹത്തിന്റെ ശക്തമായ സ്നേഹമാണ് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് പ്രചോദനം നൽകുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും ഡൊനെറ്റ്സ്ക് മേഖലയിൽ നിന്നുള്ളവരാണ്.
ഡൊണെറ്റ്‌സ്കിൽ നിന്നും മറ്റു പ്രദേശങ്ങളിൽനിന്നും കൈവിലേക്കോ, ലിവിവിലേക്കോ പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് കുടിയിറക്കപ്പെട്ടവർക്ക് പാർപ്പിടം നൽകുന്ന ഒരു സഹായസംഘടന പറയുന്നു. “വാടക വർധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, വീട് സുരക്ഷിതമാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. എങ്കിലും സ്വന്തം നാട്ടിൽ ജീവിക്കാനുള്ള ഇവിടെയുള്ളവരുടെയെല്ലാം ആഗ്രഹങ്ങളെ മുൻനിർത്തിയാണ് പലരും ഇവിടെനിന്ന് പോകാൻ മടിക്കുന്നതും. പിന്നെ തങ്ങളുടെ രാജ്യം അധികം വൈകാതെ തന്നെ റഷ്യയെ തോൽപിക്കുമെന്ന പ്രതീക്ഷയും” – അവർ പറഞ്ഞു.