പുറംലോകത്തിനു പരിമിതമായ അറിവ് മാത്രമുള്ള രാജ്യമാണ് ഉത്തര കൊറിയ. രഹസ്യസ്വഭാവമുള്ളതും രാജ്യത്തെ ജനങ്ങളെ അടിച്ചമർത്തുന്നതും ഉത്തര കൊറിയയുടെ രീതിയാണ് എന്നത് പരസ്യമായ രഹസ്യവുമാണ്. ഉത്തര കൊറിയയുടെ അതിർത്തി കടക്കാൻ തയ്യാറെടുക്കുന്ന പാശ്ചാത്യ വിനോദസഞ്ചാരികൾ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. ‘രാജ്യത്തിന്റെ നേതാക്കളെയും പ്രത്യയശാസ്ത്രത്തെയും അപമാനിക്കരുത് എന്നും മുൻവിധികൾ വച്ചുപുലർത്തരുത്’ എന്നതുമാണ് ഈ നിയമങ്ങളിൽ പ്രധാനം.
ഇത്രയും കർശനമായ നിയമങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഉത്തര കൊറിയയിലെ ജനങ്ങളുടെ ജീവിതം എത്തരത്തിലായിരിക്കും എന്നത് ലോകം മുഴുവൻ ചിന്തിക്കുന്ന കാര്യമാണ്. ഉത്തര കൊറിയക്കാരും സാധാരണ മനുഷ്യർ തന്നെയാണെന്ന് വിനോദസഞ്ചാരികളെ അവിടേക്ക് അയയ്ക്കുന്ന പാശ്ചാത്യ കമ്പനികളിലൊന്നായ യംഗ് പയനീർ എന്ന കമ്പനിയുടെ ഉടമ റോവൻ ബിയർഡ് പറയുന്നു. ഉത്തര കൊറിയക്കാരെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “പൊതുവെയുള്ള ധാരണപോലെ ഉത്തര കൊറിയക്കാർ റോബോട്ടുകൾ അല്ല. അവർക്കും അഭിപ്രായങ്ങളും നർമ്മബോധവുമുണ്ട്.”
പകർച്ചവ്യാധിയുടെ തുടക്കത്തിൽതന്നെ ഉത്തര കൊറിയ തങ്ങളുടെ അതിർത്തികൾ അടച്ചിരുന്നു. പിന്നീട് അവിടെ എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ആർക്കും ഒരു വ്യക്തത ഉണ്ടായിരുന്നില്ല. ഇനി പാശ്ചാത്യരെ തിരികെ രാജ്യത്തേക്ക് അനുവദിക്കുമോ എന്ന കാര്യത്തിൽ പലരും സംശയിച്ചിരുന്നു. പക്ഷെ, റോവന്റെയും വിനോദസഞ്ചാരമേഖലയിലെ മറ്റു നേതാക്കളുടെയും പ്രവർത്തനങ്ങളുടെ ഫലമായിട്ട് പാശ്ചാത്യർ വീണ്ടും രാജ്യത്തേക്ക് അനുവദിക്കപ്പെട്ടു.
ആദ്യം രാജ്യത്തേക്ക് പ്രവേശനം ലഭിച്ചവരുടെ കൂട്ടത്തിൽ വ്‌ളോഗർമാരും യാത്രാപ്രേമികളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം യു കെ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ അവിടേക്കെത്തി. പക്ഷെ, ഇവിടുത്തെ കർശനമായ നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവർക്കും ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. ഗൈഡിനൊപ്പമല്ലാതെ പുറത്തിറങ്ങാൻ പാടില്ല എന്നുതുടങ്ങി, നീളുന്ന നിയന്ത്രണങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാത്തവരായിരുന്നു ഏറെയും. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും യഥാർഥ ജീവിതത്തിന്റെ പല കാഴ്ചകളും ഇവർ കണ്ടു. സ്‌കൂളിലെ എട്ടുവയസ്സുള്ള ഒരുകൂട്ടം കുട്ടികൾ നടത്തിയ ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചുള്ള ആനിമേഷൻ നൃത്താവതരണം, ഇവിടുത്തെ ജനങ്ങളും സാധാരണക്കാരെപ്പോലെ ക്രിയാത്മകതയും ബുദ്ധിശക്തിയും ഉള്ളവരാണെന്ന തിരിച്ചറിവ് നൽകി.
ലോകം മുഴുവൻ കോവിഡ് കാലത്തെ മറികടന്നെങ്കിലും ഉത്തര കൊറിയ ഇപ്പോഴും കോവിഡ് ഭീതിയിൽതന്നെയാണ്. തലസ്ഥാനമായ പ്യോങ്യാങ്ങിലേക്ക് സഞ്ചാരികൾക്ക് വിലക്കുണ്ട്. കോവിഡിനു മുൻപുള്ളതിനെക്കാൾ പരിമിതമായ മേഖലകളിൽ മാത്രമേ സഞ്ചാരികൾക്ക് ഇപ്പൊൾ സന്ദർശിക്കാൻ അവസരമുള്ളൂ. മുൻകാലങ്ങളിലേതുപോലെ തെരുവുകളിൽ അലഞ്ഞുനടക്കാനോ, ബാർബർ ഷോപ്പുകളിലോ, സൂപ്പർമാർക്കറ്റിലോ കയറാനോ, തദ്ദേശീയരുമായി സംസാരിക്കാനോ ഉള്ള അവസരവും വളരെ കുറവാണ്. കൊണ്ടുപോകുന്ന ബാഗുകളടക്കം അണുവിമുക്തി വരുത്തിയതിനുശേഷം മാത്രമാണ് അവർ അവിടേക്ക് അനുവദിക്കുകയുള്ളൂ. ഇപ്പോഴും മാസ്‌കുകൾ ധരിച്ച് ആളുകൾ നടക്കുന്നുണ്ട്.
യാത്രയുടെ അവസാന നാളുകളിലേക്ക് അടുത്തപ്പോൾ വിനോദസഞ്ചാര സംഘത്തിലെ അംഗവും യൂട്യൂബറുമായ മൈക്ക് ഒരു വിദ്യാർഥിയെ പരിചയപ്പെട്ടു. മൈക്ക് യു കെ യിൽ നിന്നാണെന്നു മനസ്സിലാക്കിയ പെൺകുട്ടി തനിക്കും യു കെ കാണാൻ ആഗ്രഹമുണ്ടെന്ന് പറയുന്നതുകേട്ട് അദ്ഭുതപ്പെട്ടു. പക്ഷെ, ആ പെൺകുട്ടിയോട് ഇവിടെനിന്നും അവൾക്ക് അതിനുള്ള അവസരങ്ങൾ വളരെ കുറവാണെന്നു പറയാൻ തനിക്ക് തോന്നിയില്ല എന്നും അയാൾ പറയുന്നു.
രാജ്യത്തേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ അന്തരീക്ഷമാണ് അവിടെ എന്ന് തോന്നിപ്പിക്കുംവിധത്തിൽ ഗൈഡുകൾ പരിശ്രമിക്കുന്നുണ്ട്. ഇത് വിനോദസഞ്ചാര സംഘത്തിലുള്ളവർക്ക് മനസ്സിലാകുകയും ചെയ്തു എന്നതാണ് മറ്റൊരു കാര്യം.
ഇത്തരം രാജ്യങ്ങളിൽ പ്രാദേശിക ജനവിഭാഗത്തിന് അധിക വരുമാനം നേടാനുള്ള അവസരം ടൂറിസം തുറന്നുവയ്ക്കുന്നുണ്ട്. എന്നാൽ ഉത്തര കൊറിയയിലേക്കു വരുമ്പോൾ ഇവിടെയുള്ളവർക്ക് വിനോദസഞ്ചാരികൾ രാജ്യത്ത് ഉണ്ടെന്ന കാര്യംപോലും ബോധ്യമുണ്ടോ എന്നത് സംശയമാണ്. വിനോദസഞ്ചാരികളിൽ നിന്നും ലഭിക്കുന്ന പണം രാജ്യത്തിന്റെ ഖജനാവിലേക്കും അവസാനം സൈന്യത്തിലേക്കുമാണ് എത്തുന്നത്. ഇവിടേക്കുള്ള യാത്ര പല അവസ്ഥകളും കണ്ട് സ്വയം ചിന്തിക്കാൻ ഏറെ പ്രയോജനമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.