യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള ഓവൽ ഓഫീസിലെ ചൂടേറിയ കൂടിക്കാഴ്ചയെത്തുടർന്ന് യുക്രൈനിലേക്കുള്ള യു എസ് സൈനികസഹായം നിർത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
വൈറ്റ് ഹൗസിൽ ഉന്നത ദേശീയസുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് നടത്തിയ നിരവധി കൂടിക്കാഴ്ചകൾക്കുശേഷമാണ് സഹായം നിർത്തലാക്കിയത്. യുക്രൈന്റെ യുദ്ധപോരാട്ടശേഷിയെ ഇത് സാരമായി ബാധിക്കുമെന്ന് ഉദ്യോഗസ്ഥരും വിശകലനവിദഗ്ധരും പറഞ്ഞു. സമാധാനചർച്ചകൾ നടത്താൻ സെലെൻസ്‌കി പ്രതിജ്ഞാബദ്ധനാണെന്ന് ട്രംപ് തീരുമാനിക്കുന്നതുവരെ ഇത് നിലനിൽക്കുമെന്നും യുദ്ധക്കളത്തിൽ കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തി യുക്രൈനെ ചർച്ചയിലേക്കു തള്ളിവിടുകയായിരുന്നു ചെയ്തതെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“സമാധാനത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തിൽ നമ്മുടെ പങ്കാളികളും പ്രതിജ്ഞാബദ്ധരായിരിക്കുക എന്നത് നമുക്ക് ആവശ്യമാണ്. ഒരു പരിഹാരത്തിന് സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഞങ്ങളുടെ സഹായം താൽക്കാലികമായി നിർത്തി അവലോകനം ചെയ്യുകയാണ്” – വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വാഷിംഗ്ടണും കീവും തമ്മിലുള്ള ഒരാഴ്ചയിലേറെ നീണ്ട ശത്രുതയ്ക്കുശേഷം, തിങ്കളാഴ്ചത്തെ പ്രഖ്യാപനം, ട്രംപ് അധികാരമേറ്റതിനുശേഷം ബന്ധം എത്രത്തോളം വഷളായി എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ്.