അതിർത്തിയിൽ അഫ്ഗാൻ-പാക്കിസ്ഥാൻ സുരക്ഷാസേനകൾ തമ്മിൽ വെടിവയ്പ്പ് നടത്തുന്നതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ അതിർത്തി കവാടത്തിലാണ് സേനകൾ രാത്രിയിൽ വെടിവയ്പ്പ് നടത്തിയത്. ടോർഖാം ക്രോസിംഗിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കാബൂളിലെ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാന്റെ പുതിയ അതിർത്തി പേസ്റ്റ് നിർമ്മിക്കുന്നതിനെ ചൊല്ലി പാക്കിസ്ഥാൻ തർക്കം ഉന്നയിച്ച സാഹചര്യത്തിൽ 11 ദിവസമായി ഇവിടം അടച്ചിട്ടിരിക്കുകയായിരുന്നു.
പുലർച്ചെ താലിബാൻ സുരക്ഷാസേന പ്രകേപനമില്ലാതെ പാക്കിസ്ഥാൻ അതിർത്തി ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു എന്നും പാക്കിസ്ഥാൻ സൈന്യം തിരിച്ചടിച്ചു എന്നുമാണ് പാക്കിസ്ഥാനിൽനിന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി മാധ്യമങ്ങളോട് ഇതേക്കുറിച്ചു പറഞ്ഞത്. എന്നാൽ പാക്കിസ്ഥാനാണ് ആദ്യം തുടക്കമിട്ടതെന്ന് കാബൂളിലെ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. വെടിയുതിർത്തലിൽ പാക്കിസ്ഥാൻ സൈന്യത്തിലെ അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അതിർത്തി പോസ്റ്റ് അടച്ചുപൂട്ടിയതിനാൽ അഫ്ഗാൻ വ്യാപാരികൾക്ക് പ്രതിദിനം അഞ്ചുലക്ഷം ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും വ്യാപാര ഇടപാടുകൾക്കായി 600 മുതൽ 700 വരെയുള്ള വാഹനങ്ങൾ പോയിരുന്ന വഴിയിൽ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത് 5000 കണ്ടെയ്‌നറുകളാണെന്നും ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും നംഗർഹാർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഷക്കിറുല്ല സഫി പറയുന്നു.