ശക്തമായ ആൽഫ്രഡ് ചുഴലിക്കാറ്റ് ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ തീരത്തേക്കു നീങ്ങുന്നതായി കാലാവസ്ഥാകേന്ദ്രം. തീവ്രത കൂടാൻ സാധ്യതയുള്ളതിനാൽ വലിയ രീതിയിലുള്ള സുരക്ഷാഭീഷണി നിലവിലുണ്ട്. ചുഴലിക്കാറ്റ് കാറ്റഗറി 2 ലേക്കു മാറുകയും ബ്രിസ്‌ബേനിനും സൺഷൈൻ തീരത്തിനുമിടയിൽ വ്യാഴാഴ്ചയോ, വെള്ളിയാഴ്‌ചയോ എത്തുമെന്നും പ്രതീക്ഷിക്കുന്നതായിട്ടാണ് റിപ്പോർട്ട് പറയുന്നത്.
300-600 മില്ലിമീറ്റർ മഴയും 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുമുള്ള കൊടുങ്കാറ്റ് ദശാബ്ദങ്ങളിൽ ഈ മേഖലയിലെ ഏറ്റവും വിനാശകരമായ ഒന്നായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. വലിയ തിരമാലകൾ തീരത്തെ മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും ഇടയാക്കും.
ടിന്നിലടച്ച ഭക്ഷണവും കുപ്പിവെള്ളവും സംഭരിച്ച് ഏറ്റവും മോശമായ അവസ്ഥയ്ക്കു തയ്യാറാകാൻ ക്വീൻസ്‌ലാൻഡ് പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളി നിവാസികളോട് അഭ്യർഥിച്ചു. ആളുകൾ ഇത് ഗൗരവമായി കാണേണ്ടത് പ്രധാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.
ആൽഫ്രഡ് ചുഴലിക്കാറ്റ് അതിന്റെ പ്രവചനപാത പിന്തുടരുകയാണെങ്കിൽ, 1990 നു ശേഷം ബ്രിസ്ബേനിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും ഇത്. ഈ പ്രദേശം വളരെയധികം ജനസാന്ദ്രതയുള്ളതിനാലും വർഷങ്ങളായി ഇത്രയും തീവ്രതയുള്ള ചുഴലിക്കാറ്റ് കണ്ടിട്ടില്ലാത്തതിനാലും ഭീഷണിയെ ഗൗരവമായി കാണണമെന്ന് ഉദ്യോഗസ്ഥർ നിവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു.