അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ള നേതാക്കള്‍ ജപ്പാനില്‍ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കവേ ജപ്പാന്‍ കടലില്‍ ചൈന-റഷ്യ വ്യോമാഭ്യാസം.
ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് സഖ്യത്തിന്റെ ലക്ഷ്യം തന്നെ ഇന്തോ-ചൈനാ മേഖലയിലെ ചൈനയുടെ സ്വാധീനം ചെറുക്കുകയെന്നതാണ്. ഇന്നലെ രാവിലെ നടന്ന സംയുക്ത അഭ്യാസത്തില്‍ ബോംബറുകള്‍ അടക്കം റഷ്യയുടെ നാലും ചൈനയുടെ രണ്ടും യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായാണു റിപ്പോര്‍ട്ട്. ഈ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് അടുത്തെത്തിയെന്നു ദക്ഷിണകൊറിയ അറിയിച്ചു.
വാര്‍ഷിക സൈനിക സഹകരണ പദ്ധതിയുടെ ഭാഗമായി നടന്ന സംയുക്ത ആകാശ പട്രോളിംഗ് ആയിരുന്നു ഇതെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ജപ്പാന്‍ കടല്‍, കിഴക്കന്‍ ചൈനാക്കടല്‍, പടിഞ്ഞാറന്‍ പസഫിക് സമുദ്രം എന്നിവയ്ക്കു മുകളിലൂടെ വിമാനങ്ങള്‍ പറന്നു.
യുക്രെയ്‌നില്‍ റഷ്യ അധിനിവേശം ആരംഭിച്ചശേഷം ചൈനയുമായി നടത്തുന്ന ആദ്യ സൈനികാഭ്യാസമാണിത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെയും റഷ്യയുടെയും സൗഹൃദത്തില്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്ന വ്യക്തമായ സൂചന വ്യോമാഭ്യാസം നല്കുന്നതായി വിലയിരുത്തപ്പെടുന്നു.