Thursday, March 6, 2025

ബന്ദികളായവരെ മോചിപ്പിക്കണം: ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി ട്രംപ്

ഗാസയിൽ ബന്ദികളായവരെ മോചിപ്പിക്കണമെന്ന് ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിന്റെ ആവശ്യാനുസരണം എല്ലാം ചെയ്യുന്നുണ്ടെന്നും താൻ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ഒരു ഹമാസ് അംഗവും സുരക്ഷിതരായിരിക്കില്ലെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ബന്ദികളെ സംബന്ധിച്ച് ഹമാസുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുശേഷമാണ് ട്രംപിന്റെ സ്വന്തം പേജിൽനിന്നും ഈ പോസ്റ്റ് പുറത്തുവരുന്നത്. “ഇത് അവസാന മുന്നറിയിപ്പാണ്. ഗാസയിലെ ജനങ്ങൾക്ക് മനോഹരമായ ഒരു ഭാവി കാത്തിരിപ്പുണ്ട്. ഗാസയിൽനിന്നും പൂർണ്ണമായും പിൻവാങ്ങാനുള്ള സമയം ഇതാണ്. നിങ്ങൾ ബന്ദികളെ വിടാൻ തയ്യാറായില്ലെങ്കിൽ അവർക്ക് നല്ല ഭാവിയുണ്ടാകില്ല. അങ്ങനെ ചെയ്താൽ പ്രത്യാഖ്യാതം ‘മരണം’ ആയിരിക്കും. ഹമാസിലെ ഒരു അംഗം പോലും സുരക്ഷിതരായിരിക്കില്ല. ബന്ദികളെയെല്ലാം ഇപ്പോൾതന്നെ വിട്ടയയ്ക്കുക. കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ ഉടൻ തിരികെനൽകുക” എന്നാണ് ട്രംപ് മുന്നറിയിപ്പ് എന്ന രീതിയിൽ പറയുന്നത്.

ഒരു ലോകനേതാവ് ഇത്തരത്തിലൊരു ഭീഷണി മുഴക്കുന്നത് ആദ്യമായാണ്. ആറാഴ്ചയോളം നീണ്ടുനിന്ന വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം കഴിഞ്ഞ മാസം അവസാനത്തോടെ കഴിഞ്ഞിരുന്നു. പിന്നീട് രണ്ടാം ഘട്ടത്തെക്കുറിച്ച് മധ്യസ്ഥചർച്ചകൾ നടന്നിരുന്നുവെങ്കിലും വ്യക്തമായ തീരുമാനങ്ങളുണ്ടാകാതെ അത് നീണ്ടുപോകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News