മാർച്ച് ആറിന് രാത്രി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ജപമാല പ്രാർഥനാശുശ്രൂഷയിൽ പങ്കെടുത്തവരോട് ഫ്രാൻസിസ് മാർപാപ്പ മുൻകൂട്ടി രേഖപ്പെടുത്തിയ സന്ദേശത്തിൽ നന്ദിപറഞ്ഞു. “എന്റെ ആരോഗ്യത്തിനായുള്ള നിങ്ങളുടെ പ്രാർഥനകൾക്ക് ഞാൻ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറയുന്നു. ഇവിടെനിന്ന് ഞാൻ നിങ്ങളെ അനുഗമിക്കട്ടെ” – ഇപ്രകാരമായിരുന്നു പരിശുദ്ധ പിതാവ് സ്പാനിഷ് ഭാഷയിൽ നൽകിയ സന്ദേശം.
“ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പരിശുദ്ധ അമ്മ നിങ്ങളെ സംരക്ഷിക്കട്ടെ. നന്ദി” – ഹ്രസ്വമായ ഓഡിയോ സന്ദേശത്തിൽ പാപ്പ പറഞ്ഞു. പാപ്പയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നുവെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് പറഞ്ഞു. ന്യുമോണിയ ബാധയെ തുടർന്ന് പാപ്പയ്ക്ക് ഇടയ്ക്ക് ശ്വാസതടസ്സം ഉണ്ടാകുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം ഫ്രാൻസിസ് പാപ്പയുടെ ശബ്ദം പരസ്യമായി കേൾക്കുന്നത് ഇതാദ്യമായാണ്. പാപ്പയുടെ ശബ്ദം കേട്ടപ്പോൾ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചുകൂടിയവർ കരഘോഷം മുഴക്കി.