ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പുമായി ക്വാഡ് ഉച്ചകോടി. നിലവിലെ സ്ഥിതിയില്‍ മാറ്റംവരുത്താന്‍ പ്രകോപനപരമോ ഏകാധിപത്യപരമോ ആയ നടപടികളുണ്ടാകരുതെന്ന് ഉച്ചകോടി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. തര്‍ക്കമേഖലകളിലെ ചൈനയുടെ സൈനികവത്കരണം, തീരരക്ഷാസേനയുടെ ദുരുപയോഗം, മറ്റു രാജ്യങ്ങളുടെ വിഭവങ്ങളുടെ ചൂഷണം എന്നിവയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഉച്ചകോടി, നിലവിലെ പ്രശ്‌നങ്ങള്‍ ഭീഷണിയോ ബലപ്രയോഗമോ കൂടാതെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്തോ-പസിഫിക് മേഖലയില്‍ 5000 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ ഉച്ചകോടി തീരുമാനിച്ചു. ഇതിനൊപ്പം പ്രഖ്യാപിച്ച സമുദ്ര നിരീക്ഷണ പദ്ധതി മുഖ്യമായും ചൈനയെയാണു ലക്ഷ്യമിടുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവര്‍ ഉച്ചകോടിക്കിടെ വ്യക്തിഗത കൂടിക്കാഴ്ചകള്‍ നടത്തി.
ഇന്തോ-പസിഫിക് മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഉഭയകക്ഷി താത്പര്യമുള്ള ആഗോളവിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യുക്രെയ്ന്‍ വിഷയവും ചര്‍ച്ചയ്ക്കു വന്നു. നയതന്ത്ര,വാണിജ്യ വിഷയങ്ങളില്‍ ക്വാഡ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള ബന്ധം മുന്‌പെങ്ങുമില്ലാത്തതിനേക്കാള്‍ വഷളായിരിക്കുന്‌പോഴാണ് ഉച്ചകോടി ചേരുന്നതെന്ന പ്രത്യേകതയുണ്ട്.