ഈ ആഴ്ച കാനഡയ്ക്കും മെക്സിക്കോയ്ക്കും ഏർപ്പെടുത്തിയ പുതിയ തീരുവകളിൽനിന്ന് ഒഴിവാക്കിയ സാധനങ്ങൾ ഗണ്യമായി വർധിപ്പിക്കാനുള്ള ഉത്തരവുകളിൽ ഒപ്പുവച്ച് ട്രംപ്. യു എസിന്റെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികളാണ് കാനഡയും മെക്സിക്കയും. രണ്ടു ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് രണ്ട് വ്യാപാര പങ്കാളികളിൽനിന്നുള്ള ഇറക്കുമതിക്കുള്ള നികുതി ട്രംപ് പിൻവലിക്കുന്നത്. വിപണികളെ ആശങ്കപ്പെടുത്തുന്ന നടപടിയായിരുന്നു ഇത്.
ട്രംപിന്റെ ഈ നീക്കത്തിന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം നന്ദിപറഞ്ഞു. വ്യാഴാഴ്ച ട്രംപുമായി നടത്തിയ ഫോൺസംഭാഷണത്തിൽ, താരിഫുകളെക്കുറിച്ച് മികച്ച സംഭാഷണം നടത്തിയെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ചില തീരുമാനങ്ങളിൽ ആശ്വാസമുണ്ടെങ്കിലും ഭാവിയിൽ രണ്ട് സഖ്യകക്ഷികളും തമ്മിലുള്ള ഒരു വ്യാപാരയുദ്ധത്തിന് സാധ്യതയുണ്ടെന്നും ട്രുഡോ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ താരിഫുകളും നീക്കം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപുമായി മികച്ചതും ആദരണീയവുമായ സംഭാഷണം നടത്തി എന്നാണ് മെക്സിക്കൻ പ്രസിഡന്റ് ഷെയിൻബോം പറഞ്ഞത്. ട്രേഡ് പാർട്ണർഷിപ്പ് വേൾഡ്വൈഡ് എന്ന സ്ഥാപനത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, നിലവിൽ യു എസിലേക്കു വരുന്ന ഇനങ്ങളിൽ ടെലിവിഷൻ, എയർ കണ്ടീഷണറുകൾ, അവോക്കാഡോ, ബീഫ് എന്നിവ കരാറിന്റെ നിയമങ്ങൾപ്രകാരം ഉൾപ്പെടുന്നു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, മെക്സിക്കോയിൽ നിന്നുള്ള യു എസ് ഇറക്കുമതിയുടെ ഏകദേശം 50 ശതമാനവും കാനഡയിൽ നിന്നുള്ള 62 ശതമാനവും തീരുവ നേരിടേണ്ടിവന്നേക്കും എന്നാണ്.