ഇംഗ്ലണ്ടിലെ യോർക്കിലെ ബാർ കോൺവെന്റിൽനിന്ന് ശ്രദ്ധേയമായ ഒരു മധ്യകാല ചുരുൾ കണ്ടെത്തി. ഏകദേശം 1475 ൽ എഴുതപ്പെട്ടതെന്നു കരുതുന്ന അർമ ക്രിസ്റ്റി എന്ന ഈ ചുരുളുകൾ, ഭക്തപരമായ ആചാരങ്ങളെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. ബാർ കോൺവെന്റിലെ സ്പെഷ്യൽ കളക്ഷൻസ് മാനേജരായ ഡോ. ഹന്ന തോമസാണ് കോൺവെന്റിന്റെ ചരിത്രശേഖരത്തിന്റെ പതിവ് കാറ്റലോഗ് ചെയ്യുന്നതിനിടെ സ്ക്രോൾ കണ്ടെത്തിയത്.
ഇതിൽ അടങ്ങിയിരിക്കുന്ന വെർണിക്കിൾ പ്രാർഥനാ കവിതയുടെ ഓരോ വാക്യത്തിനു ശേഷവുമുള്ള മറുപടിവാചകങ്ങളുടെ സാന്നിധ്യമാണ് ഈ ചുരുളിനെ ശരിക്കും സവിശേഷമാക്കുന്നത്. ഇത് കുടുംബങ്ങളോ, മതപരമായ കമ്മ്യൂണിറ്റികളോ ഉപയോഗിച്ചതായി കരുതപ്പെടുന്നു. ഇപ്പോൾ ലഭ്യമായതു കൂടാതെ, 10 അർമ ക്രിസ്റ്റി ചുരുളുകൾ മാത്രമേ നിലവിലുള്ളൂ. എല്ലാം 14, 15 നൂറ്റാണ്ടുകളിൽ നിന്നുള്ളതാണ്. 500 വർഷത്തിലേറെ പഴക്കമുള്ള ഈ ചുരുളിന്റെ അതിജീവനം ശ്രദ്ധേയമാണ്. ഇത് ഇംഗ്ലണ്ടിന്റെ നവീകരണത്തിനു മുമ്പുള്ള വിശ്വാസത്തിലേക്കുള്ള വിലയേറിയ ജാലകമാക്കി മാറ്റുന്നു.
2025 ഏപ്രിൽ അഞ്ചിന് ബാർ കോൺവെന്റ് ലിവിംഗ് ഹെറിറ്റേജ് സെന്ററിൽ ആരംഭിക്കുന്ന ഒരു പ്രത്യേക പ്രദർശനത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും ഈ ചുരുൾ. ചടങ്ങിനെ അടയാളപ്പെടുത്തുന്നതിനായി സ്ക്രോളിൽ നിന്നുള്ള പ്രാർഥനകൾ ഉൾക്കൊള്ളുന്ന പ്രത്യേക കുർബാനയും നടക്കും.