നൈജീരിയയിലെ യോല കത്തോലിക്കാ രൂപതയിൽനിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ഫാ. മാത്യു ഡേവിഡ് ഡട്സെമി, ഫാ. എബ്രഹാം സൗമ്മം എന്നിവരെ രക്ഷപെടുത്തിയതായി നൈജീരിയൻ രൂപത ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫെബ്രുവരി 22 നായിരുന്നു ഇരുവരെയും തട്ടിക്കൊണ്ടുപോയത്.
നൈജീരിയയിലെ അഡമാവാ സ്റ്റേറ്റിലെ ഡെംസ ലോക്കൽ ഗവൺമെന്റ് ഏരിയയിൽ സ്ഥിതിചെയ്യുന്ന ഗ്വേദ-മല്ലത്തിലെ വൈദിക റെക്ടറിയിൽ നിന്നാണ് രണ്ടു വൈദികരെയും അക്രമികൾ തട്ടിക്കൊണ്ടു പോയത്. ആയുധധാരികൾ ഇടവകയുടെ റെക്ടറിയിലെത്തി ഇവരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. യോല രൂപതാ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ, തട്ടിക്കൊണ്ടുപോയ രണ്ട് കത്തോലിക്കാ പുരോഹിതന്മാരെ രക്ഷപെടുത്തിയതായി സർവശക്തനായ ദൈവത്തോടുള്ള ഹൃദയം നിറഞ്ഞ നന്ദിയോടെയും സന്തോഷത്തോടെയും അറിയിച്ചു.
“സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് വകുപ്പിന്റെയും (ഡി എസ് എസ് എസ്) പ്രാദേശിക ജാഗ്രതാ ഗ്രൂപ്പിന്റെയും സംയോജിതശ്രമത്തിന്റെ ഫലമായാണ് വൈദികരെ മോചിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം നടന്നത്. നമ്മുടെ പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോയത് വളരെ ദുഃഖകരമായ ഒരു സംഭവമായിരുന്നു. എന്നാൽ നമ്മുടെ രൂപതകളിലും പുറത്തുമുള്ള സുരക്ഷാപ്രവർത്തകർ, പ്രാദേശിക അധികാരികൾ, വ്യക്തികൾ, വിശ്വാസ സമൂഹങ്ങൾ, സംഘടനകൾ എന്നിവർ കാണിച്ച സ്നേഹത്തിനും പരിശ്രമങ്ങൾക്കും നന്ദി” – ബിഷപ്പ് മംസ പറയുന്നു.